മധ്യപ്രദേശില്‍ കമല്‍നാഥ് തിരിച്ചടിക്കുമോ? രണ്ടു ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക്
ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനിറങ്ങിയ ബി.ജെ.പിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി കമല്‍നാഥ് നീക്കം തുടങ്ങി. കഴിഞ്ഞദിവസം രാത്രി രണ്ടു ബി.ജെ.പി എം.എല്‍.എമാര്‍ കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി നേതാക്കള്‍ ഹരിയാനയിലേക്ക് കടത്തിയ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാള്‍ രാജിവച്ചതിനു പിന്നാലെയാണ് ബി.ജെ.പി എം.എല്‍.എമാര്‍ കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം കോണ്‍ഗ്രസ് എം.എല്‍.എ ഹര്‍ദീപ് സിങ് രാജിവച്ചെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
സഞ്ജയ് പതക്, നാരായണ്‍ ത്രിപാഠി എന്നീ ബി.ജെ.പി എം.എല്‍.എമാരാണ് കഴിഞ്ഞ ദിവസം കമല്‍നാഥുമായി ചര്‍ച്ച നടത്തിയത്. നാരായണ്‍ ത്രിപാഠി സ്പീക്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നും തങ്ങളുടെ പത്തോളം എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്. ഇതില്‍ ആറു പേര്‍ പിറ്റേദിവസം തിരിച്ചെത്തിയിരുന്നു. ഭരണപക്ഷത്തെ നാല് എം.എല്‍.എമാര്‍ ഇപ്പോഴും ബി.ജെ.പി നേതാക്കളുടെ കസ്റ്റഡിയിലാണ്.
അതേസമയം മധ്യപ്രദേശ് സര്‍ക്കാര്‍ നൂറു ശതമാനം സുരക്ഷിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് അറിയിച്ചു. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇത് ഒാപറേഷന്‍ താമരയല്ല, ഓപറേഷന്‍ മണി ബാഗ് ആണ്. മന്ത്രിസഭാ വിപുലീകരണം ബജറ്റ് സെഷനു ശേഷം തീരുമാനിക്കുമെന്നും സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."