'മുംബൈ ബാഗി'ല്‍ അര്‍ധരാത്രി പൊലിസ് അതിക്രമം; സി.എ.എക്കെതിരേ പ്രതിഷേധിച്ച സ്ത്രീകളെ തല്ലിച്ചതച്ചു; 36 പേര്‍ക്ക് പരുക്ക്
മുംബൈ: മുംബൈയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച വനിതകളെ പൊലിസ് തല്ലിച്ചതച്ചു. 36 സ്ത്രീകള്‍ക്ക് പൊലിസ് അതിക്രമത്തില്‍ പരുക്കേറ്റു. ഇതില്‍ സാരമായി പരുക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യ മുംബൈയിലെ നാഗ്പടയിലായിരുന്നു പ്രതിഷേധം.
ഡല്‍ഹിയിലെ ഷഹീന്‍ബാഗിനെ പോലെ പന്തല്‍ കെട്ടി സമരം നടത്തുന്നതിനാല്‍ ഇവിടെ 'മുംബൈ ബാഗ്' എന്നാണറിയപ്പെടുന്നത്. സമരക്കാരായ സ്ത്രീകള്‍ കെട്ടിയുണ്ടാക്കിയ പന്തല്‍ പൊളിക്കാന്‍ പൊലിസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിലെത്തിച്ചത്.
അര്‍ധരാത്രി 1.30ന് സ്ഥലത്തെത്തിയ രണ്ടു പൊലിസുകാര്‍ പന്തലിന്റെ കയര്‍ മുറിച്ചിട്ടു. സ്ത്രീകളില്‍ ചിലര്‍ വെള്ളത്തിനായി സമീപത്തെ ഹോട്ടലിലേക്കു പോയപ്പോള്‍ പൊലിസുകാര്‍ തുണികൊണ്ടുള്ള പന്തല്‍ വലിച്ചു താഴെയിട്ടു. പന്തല്‍ വീഴാതെ നോക്കിയ സ്ത്രീകളും താഴെ വീണതായി സമരക്കാരിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. തുടര്‍ന്ന് പൊലിസ് സമരക്കാരായ സ്ത്രീകളെ അടിക്കുകയും തള്ളുകയും ചെയ്തു. നാഗ്പട സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഇന്‍സ്പെക്ടറായ ശാലിനി ശര്‍മ ഒരു സ്ത്രീയുടെ വയറ്റിന് ചവിട്ടി. മറ്റൊരു വയോധികയെ മുതുകിന് കുനിച്ചുനിര്‍ത്തി ഇടിക്കുകയും ചെയ്തതായി സമരക്കാര്‍ പറഞ്ഞു.
കടുത്ത ചൂടില്‍ നിന്നു രക്ഷ തേടി സമരക്കാര്‍ കുട ചൂടുന്നതും പന്തല്‍ കെട്ടിയതും പൊലിസ് തുടക്കംമുതലേ എതിര്‍ത്തിരുന്നതായി സമരക്കാര്‍ വ്യക്തമാക്കി. ഏതാനും ദിവസം മുന്‍പ് പൊലിസ് കുട പിടിച്ചുവാങ്ങിയതോടെ പ്രായംചെന്ന ഒരു സ്ത്രീ ബോധമറ്റു വീണിരുന്നതായും അവര്‍ പറഞ്ഞു. അതേസമയം പ്രതിഷേധസ്ഥലത്ത് അര്‍ധരാത്രി പ്രത്യേകിച്ച് ഒന്നും നടന്നില്ലെന്നായിരുന്നു പൊലിസിന്റെ പ്രതികരണം.
നാഗ്പടയിലെ മോര്‍ലാന്‍ഡ് റോഡില്‍ നൂറുകണക്കിന് സ്ത്രീകളാണ് ജനുവരി 26 മുതല്‍ സി.എ.എ, എന്‍.ആര്.സി വിരുദ്ധ സമരം നടത്തുന്നത്.
സമരക്കാരുടെ പ്രതിനിധികളും നാട്ടുകാരും അഡീഷനല്‍ പൊലിസ് കമ്മിഷണര്‍ വിരേഷ് പ്രഭുവിനെയും മറ്റു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെയും കണ്ട് സമരക്കാരെ മര്‍ദിക്കുകയും പന്തല്‍ പൊളിക്കുകയും ചെയ്ത പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."