കൊരയങ്ങാട് വാദ്യസംഘത്തിന്റെ അരങ്ങേറ്റം ഫെബ്രുവരി രണ്ടിന്
കൊയിലാണ്ടി: വാദ്യ കലയുടെ ഹൃദയതാളം തൊട്ടറിഞ്ഞ് ചെണ്ടവാദ്യ പരിശീലന രംഗത്ത് മലബാറിന്റെ വേറിട്ട മേള ധ്വനി തീര്‍ക്കുകയാണ് കൊയിലാണ്ടി കൊരയങ്ങാട് വാദ്യസംഘം. മേളപ്പെരുമയുടെ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഈ വാദ്യകലാ കൂട്ടായ്മയുടെ വിജയത്തിന് പിന്നില്‍ തെളിയുന്നത് കലയെ നെഞ്ചേറ്റിയ ഒരുപിടി വിദ്വാന്മാരുടെ അര്‍പ്പണബോധമാണ്.
ഏറെ കാലമായി കളിപ്പുരയില്‍ രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് കൊരയങ്ങാട് വാദ്യസംഘത്തിലെ കലാകാരന്മാര്‍ പരിശീലനം നടത്തുന്നത്. ക്ഷേത്രാങ്കണങ്ങള്‍ക്ക് പുറമെ അക്കാദമിക് തലങ്ങളിലെ മത്സരവേദികളിലും കൊട്ടിക്കയറി താള വിസ്മയം തീര്‍ത്ത ഒട്ടേറെ കൊച്ചു വാദ്യകലാ പ്രതിഭകള്‍ ഈ കൂട്ടായ്മയുടെ വാഗ്ദാനങ്ങളായുണ്ട്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കൊയിലാണ്ടി ജി.വി.എച്ച്.എസിനുവേണ്ടി കിരീടമണിഞ്ഞ് വരുന്നതും കൊരയങ്ങാട് വാദ്യസംഘം വിദ്യാര്‍ഥികളാണ്. ക്ഷേത്രാങ്കണത്തില്‍ ദുര്‍ലഭമായി അരങ്ങേറുന്ന വാദ്യമേളത്തിലെ ഇരട്ട പന്തി മേളം വടക്കന്‍ മേഖലയിലെ ക്ഷേത്ര കൂട്ടായ്മക്കിടയില്‍ പരിചയപ്പെടുത്തിയതും കൊരയങ്ങാട് വാദ്യസംഘത്തിലെ മുന്‍തലമുറക്കാരായിരുന്നു. ഇത്തരമൊരു പുതു കാല്‍വയ്പിന്റെ ഭാഗമായി വാദ്യസംഘത്തിന്റെ നേതൃത്വത്തില്‍ കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്ര നടക്ക് മുന്നില്‍ വീണ്ടും വാദ്യ രംഗത്തെ പുതുനാമ്പുകള്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ബാലികമാര്‍ ഉള്‍പ്പെടെയുള്ള 40 ഓളം കലാകാരന്മാര്‍ ഫെബ്രുവരി 2ന് വൈകിട്ട് ക്ഷേത്രത്തിലെ ഗുരുതി മഹോത്സവത്തോട് അനുബന്ധിച്ച് അരങ്ങേറ്റം കുറിക്കും. സംഘത്തിലെ അഞ്ചാമത്തെ പരിശീലന സംഘമാണ് ഇപ്പോള്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."