എസ്.എസ്.എല്‍.സി പരീക്ഷക്ക് ജില്ലയില്‍ 33804 വിദ്യാര്‍ഥികള്‍
കൊല്ലം: ഇന്ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ കൊല്ലം ജില്ലയില്‍ എഴുതുന്നത് 33804 വിദ്യാര്‍ഥികള്‍. ഇതില്‍ 17204 ആണ്‍കുട്ടികളും 16478 പെണ്‍കുട്ടികളും ഉള്‍പ്പടെ 33682 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളാണ്. 5191 പേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 147 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുമാണ്.
ഈ മാസം 27 വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 1.45 മുതലാണ് പരീക്ഷ. ജില്ലയില്‍ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൊല്ലം (111), കൊട്ടാരക്കര(67), പുനലൂര്‍(53) എന്നീ വിദ്യാഭ്യാസ ജില്ലകളിലായി ആകെ 231 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ പരിധിയില്‍ പൊലിസ് കാവലില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ ഓരോ ദിവസത്തേക്കുമുള്ളത് പരീക്ഷാ കേന്ദ്രം അടിസ്ഥാനത്തില്‍ ചീഫ് സൂപ്രണ്ടുമാര്‍, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ പരിശോധിച്ച് പരീക്ഷാ കേന്ദ്രങ്ങള്‍ക്കടുത്തുള്ള ട്രഷറിബാങ്കുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ചോദ്യ പേപ്പറുകളുടെ സുഗമമായ വിതരണത്തിന് പരീക്ഷാ കേന്ദ്രങ്ങളെ 36 ക്ലസ്റ്ററുകളാക്കി ക്രമീകരിച്ചാണ് 11 ട്രഷറികളിലും 10 ദേശസാല്‍കൃത ബാങ്കുകളിലുമായി ചോദ്യ പേപ്പര്‍ ബാഗുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഓരോ പരീക്ഷാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ സായുധ പൊലിസിന്റെ അകമ്പടിയോടെ ഇവ വിതരണം ചെയ്യുന്നതിലേക്കായി 36 ക്ലസ്റ്ററുകളിലും ഡെലിവറി ഓഫിസര്‍മാര്‍, ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍മാര്‍, ഡിസ്ട്രിബ്യൂഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ വിതരണം അതത് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തും.
പരീക്ഷയുടെ നടത്തിപ്പിനായി 231 ചീഫ് സൂപ്രണ്ടുമാരേയും 237 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരേയും 3067 ഇന്‍വിജിലേറ്റര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ ഓഫിസര്‍മാരടങ്ങുന്ന ആറ് പരീക്ഷാ പരിശോധനാ സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും പരീക്ഷക്കുശേഷം ചീഫ് സൂപ്രണ്ടുമാര്‍ ഉത്തരക്കടലാസുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകളിലേക്ക് അയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."