അമര്‍ഷം പരസ്യമാക്കി കൃഷ്ണദാസ് പക്ഷം
ഇ.പി മുഹമ്മദ്
കോഴിക്കോട്: ബി.ജെ.പിയിലെ ഭിന്നത സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ കലാപത്തിലേക്ക്. പി.കെ കൃഷ്ണദാസ് പക്ഷത്തെയും ഒരു പക്ഷത്തും നില്‍ക്കാത്തവരെയും തഴഞ്ഞതാണ് തര്‍ക്കം വീണ്ടും മുറുകാനിടയാക്കിയത്. വി. മുരളീധരനും കെ. സുരേന്ദ്രനും നേതൃത്വം നല്‍കുന്ന വിഭാഗത്തിന് ആധിപത്യമുള്ളതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഭാരവാഹിപ്പട്ടിക.
മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രനെയും എ.എന്‍ രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റുമാരാക്കി ഒതുക്കിയത് പ്രശ്‌നം കുടുതല്‍ വഷളാക്കി. പദവികള്‍ ഏറ്റെടുക്കില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചിരിക്കയാണ്. ജനറല്‍ സെക്രട്ടറിയായി നിയമിതനായ എം.ടി രമേശും കടുത്ത അമര്‍ഷത്തിലാണ്. തന്നെക്കാള്‍ ജൂനിയറായ സുരേന്ദ്രനൊപ്പം ഭാരവാഹിയായി ഇരിക്കാന്‍ താല്‍പര്യമില്ലെങ്കിലും മറ്റു ചുമതലകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അദ്ദേഹം പദവി ഏറ്റെടുത്തേക്കും.
വക്താവ് സ്ഥാനം ഏറ്റെടുക്കില്ലെന്നറിയിച്ച് എം.എസ് കുമാര്‍ നേതൃത്വത്തിനു കത്തയച്ചതിനു പിന്നാലെ കൂടുതല്‍ നേതാക്കള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംസ്ഥാന ഭാരവാഹികളായി സ്വന്തക്കാരെ നിയമിച്ച സുരേന്ദ്രന്‍ പോഷക സംഘടനകളുടെ അധ്യക്ഷരെ നിയമിച്ചതിലും തന്നിഷ്ടം കാണിച്ചതായി കൃഷ്ണദാസ് പക്ഷം പരാതിപ്പെടുന്നു. ആറു മോര്‍ച്ചകളുടെ പ്രസിഡന്റുമാരെ നിയമിച്ചതില്‍ അഞ്ചുപേരും മുരളീധരന്‍ വിഭാഗക്കാരാണ്. കര്‍ഷക മോര്‍ച്ച അധ്യക്ഷസ്ഥാനം മാത്രമാണ് കൃഷ്ണദാസ് പക്ഷത്തിനു ലഭിച്ചത്. യുവമോര്‍ച്ച അധ്യക്ഷനായി നിയമിതനായ സി.ആര്‍ പ്രഫുല്‍കൃഷ്ണന്‍ സുരേന്ദ്രന്റെ അടുത്ത അനുയായിയാണ്. 2016ല്‍ കോഴിക്കോട്ടു നടന്ന ദേശീയ കൗണ്‍സിലിന്റെ പേരില്‍ ജില്ലയിലെ ചില നേതാക്കള്‍ വ്യാജ പിരിവ് നടത്തിയത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തത് പ്രഫുല്‍ ആണെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന പ്രഫുല്‍ ഈയിടെയാണ് വീണ്ടും യുവമോര്‍ച്ചയില്‍ സജീവമായത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിപ്പെട്ടിരുന്ന ശോഭാ സുരേന്ദ്രനെയും മറ്റൊരു മുതിര്‍ന്ന നേതാവ് എ.എന്‍ രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റുമാരാക്കിയത് ഒതുക്കലിന്റെ ഭാഗമായാണ്. കോര്‍ കമ്മിറ്റി യോഗത്തില്‍ വൈസ് പ്രസിഡന്റുമാര്‍ക്ക് പങ്കെടുക്കാന്‍ പറ്റില്ല. ഇതോടെ കോര്‍ കമ്മിറ്റിയിലും ആധിപത്യം നേടാന്‍ സുരേന്ദ്രനു കഴിഞ്ഞു. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, സംഘടനാ സെക്രട്ടറി, സഹസംഘടനാ സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന ഏഴംഗ കോര്‍ കമ്മിറ്റിയില്‍ എം.ടി രമേശ് ഒഴികെ എല്ലാവരും സുരേന്ദ്രന്‍ പക്ഷക്കാരാണ്.
കുമ്മനം രാജശേഖരനും പിന്നീട് പി.എസ് ശ്രീധരന്‍പിള്ളയും പ്രസിഡന്റുമാരായിരുന്നപ്പോള്‍ എം.ടി രമേശിനു മികച്ച പരിഗണന ലഭിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രനില്‍ നിന്ന് ഈ പരിഗണന രമേശ് പ്രതീക്ഷിക്കുന്നില്ല. ആര്‍.എസ്.എസിന്റെ പിന്തുണ ഉണ്ടായിട്ടും ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയാത്തതില്‍ എം.എസ് കുമാറിനു കടുത്ത നിരാശയുണ്ട്. ഇതാണ് വക്താവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ച് കത്തുനല്‍കാന്‍ കുമാറിനെ പ്രേരിപ്പിച്ചത്. കൂടുതല്‍ പേര്‍ക്ക് ഇതേ അമര്‍ഷമുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമോ എന്ന ഭയത്തില്‍ മൗനം പാലിക്കുകയാണ്.
എട്ടു ജില്ലാ പ്രസിഡന്റുമാര്‍ തങ്ങളുടെ പക്ഷത്താണെന്നും ഇതു മനസ്സിലാക്കാതെ സുരേന്ദ്രന്‍ ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ടുപോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും കൃഷ്ണദാസ് പക്ഷം മുന്നറിയിപ്പു നല്‍കുന്നു. അതേസമയം, പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വത്തെ രംഗത്തിറക്കാനും ശ്രമം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."