കള്ള റാസ്‌കല്‍ വിളി: പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി അവകാശലംഘനത്തിന് നോട്ടിസ് നല്‍കി ഇ.പി ജയരാജന്‍
തിരുവനന്തപുരം: നിയമസഭയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയെ കള്ള റാസ്‌കല്‍ എന്ന് വിളിച്ചതിനെതിരേ പ്രതിപക്ഷം നല്‍കിയ പരാതി തള്ളി മന്ത്രി ഇ.പി ജയരാജന്‍. നിയമസഭയില്‍ അങ്ങെനെ ആരൊക്കെ എന്തൊക്കെ പറയുന്നുവെന്നും ആരെങ്കിലും അതൊക്കെ കേള്‍ക്കാറുണ്ടോ എന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിനെതിരേ താന്‍ തിരികെ അവകാശലംഘന നോട്ടിസ് കൊടുത്തിട്ടുണ്ടെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.
നിയമസഭയില്‍ പെരിയ കേസിലെ അടിയന്തരപ്രമേയ നോട്ടിസിനിടെയാണ് മുഖ്യമന്ത്രിയുടെ മൈക്കിലൂടെ ഇ.പി ഷാഫി പറമ്പിലിനെ കള്ള റാസ്‌കല്‍ എന്ന് വിളിച്ചത്. ഈ അടിയന്തിര പ്രമേയ നോട്ടിസിനിടെ കഴിഞ്ഞ മൂന്നിന് നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും പോര്‍വിളിയുമാണ് നടന്നത്. പ്രതിപക്ഷത്തിന്റെ വിടുവായത്തത്തിന് മറുപടി പറയാനില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയില്‍ ബഹളത്തിനിടയാക്കി.
അടിയന്തിരപ്രമേയ നോട്ടിസ് നല്‍കിയ ഷാഫി പറമ്പില്‍ ആഭ്യന്തരവകുപ്പിന് നേരെ ആഞ്ഞടിച്ച് നടത്തിയ വിമര്‍ശനവും പരിഹാസത്തിലും ആദ്യം ഭരണപക്ഷം പ്രതിഷേധിച്ചു. മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി പദവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് തന്നെ സ്ഥിരമായി കൊടുക്കണം, അതല്ലെങ്കില്‍ ഏറ്റെടുക്കണമെന്നായിരുന്നു ഷാഫിയുടെ പരിഹാസം.
ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തി. ചിലരുടെ വിടുവായത്തത്തിന് ഒന്നും മറുപടി പറയാന്‍ സാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതിപക്ഷം ഒന്നടങ്കം എണീറ്റ് നിന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മൈക്ക് വഴി ഇ.പി ജയരാജന്റെ വിവാദപരാമര്‍ശമുണ്ടായത്.
വിടുവായത്തം, കള്ളറാസ്‌ക്കല്‍ പ്രയോഗങ്ങളില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. പിന്നാലെ ഭരണപക്ഷവും എഴുന്നേറ്റു. പ്രയോഗങ്ങളില്‍ എല്ലാവരും മാന്യത കാണിക്കണമെന്ന് പറഞ്ഞ് സ്പീക്കര്‍ ഒടുവില്‍ രംഗം ശാന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."