ചാലിയാര്‍ കൈയേറ്റ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി
മാവൂര്‍: ചാലിയാറിലെ അനധികൃത കൈയേറ്റങ്ങള്‍ നേരില്‍കണ്ട് തെളിവെടുപ്പ് നടത്താന്‍ വിദഗ്ധ പഠനസമിതി തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചാലിയാറിലെ വാഴക്കാട് മുണ്ടുമുഴി ഭാഗത്ത് സര്‍ക്കാര്‍ ഭൂമി കൈയേറി റോഡ് നിര്‍മാണവും പുഴയോരം നികത്തുന്നതും വാര്‍ത്തയാക്കാന്‍ ശ്രമിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ഉമറലി ശിഹാബിനെ വാഹനം കയറ്റി അപായപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. ഇതേതുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച തഹസില്‍ദാറിനും സംഘത്തിനും പുറമ്പോക്ക് സ്ഥലത്തെ അനധികൃത റോഡ് നിര്‍മാണം ശ്രദ്ധയില്‍പെടുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ വിദഗ്ധ പഠനസമിതിയുടെ നേതൃത്വത്തില്‍ ചാലിയാറിന്റെ കൈയേറ്റങ്ങള്‍ നേരില്‍കണ്ട് തെളിവെടുപ്പ് നടത്തിയത്. കേരളാ നദീതട സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ടി.കെ രാജന്‍, പരിസ്ഥിതി മനുഷ്യാവകാശ സമിതി സംസ്ഥാന ചെയര്‍മാന്‍ ജോണ്‍, മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ അഡ്വ. പൗരന്‍, കേരളാ സാംസ്‌കാരിക പരിഷത്ത് പരിസ്ഥിതി സെല്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി.ടി മുഹമ്മദ്, ചാലിയാര്‍ സംരക്ഷണസമിതി ചെയര്‍മാന്‍ എം.പി അബ്ദുല്ല, കണ്‍വീനര്‍ ശുക്കൂര്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാലിയാറിന്റെ തീരപ്രദേശങ്ങള്‍ ബോട്ടില്‍ സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തിയത്.
സമിതി തയാറാക്കുന്ന റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറും. പുഴയോരം മണ്ണിട്ടു നികത്തി അനധികൃത കെട്ടിട നിര്‍മാണവും വ്യാപകമായ രീതിയിലുള്ള വാഴ, പച്ചക്കറി, കപ്പ തുടങ്ങിയ കൃഷിയിടങ്ങളും സംഘം തെളിവെടുപ്പില്‍ കണ്ടെത്തി. ഇതിനുപുറമെ ചാലിയാറില്‍ രാത്രിസമയങ്ങളില്‍ നടക്കുന്ന അനധികൃത മണലൂറ്റിന് ഉപയോഗിക്കുന്ന നിരവധി വള്ളങ്ങളും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."