ചൈല്‍ഡ് ലൈനും വെല്‍ഫെയര്‍ കമ്മിറ്റിയും പിരിച്ചുവിടണം: ബാലാവകാശ സംരക്ഷണ സമിതി
പാലക്കാട്: ജില്ലയിലെ ചൈല്‍ഡ്‌ലൈനും വെല്‍ഫെയര്‍ കമ്മിറ്റിയും പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാകുന്നു. ഏതാനും വര്‍ഷങ്ങളായി ഇരകളുടേയും പ്രതികളുടേയും ജാതിയും മതവും നോക്കി മാത്രം നിലപാട് സ്വീകരിക്കുകയും പ്രത്യേക സമുദായത്തിലെ അംഗങ്ങളാണ് പ്രതികളെങ്കില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്യുന്നുവെന്ന പരാതിഉയര്‍ന്നിരുന്നു.
കഞ്ചിക്കോട്ട് ഒരുമാസത്തെ ഇടവേളയില്‍ ദുരൂഹസാഹചര്യത്തില്‍ സഹോദരിമാര്‍ മരിക്കുകയും അവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കുട്ടികളുടെ മാതാവ് തന്നെ വെളിപ്പെടുത്തിയിട്ടും വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടുകയോ നിയമപരമായി നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങളുപയോഗിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് പൊതുവികാരം ഉടലെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ പോലും വിമര്‍ശനത്തിന് പാത്രമായ സാഹചര്യത്തിലാണ് ബാലാവകാശ സംരക്ഷണ വേദി ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ചൈല്‍ഡ് ലൈനും വെല്‍ഫെയര്‍കമ്മിറ്റിയും പിരിച്ചുവിട്ട് പുതിയ നേതൃത്വത്തെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ പ്രമുഖ സ്‌കൂളുകളില്‍ പലപ്പോഴായി നടന്ന ലൈംഗികാതിക്രമ പരാതികളില്‍ പ്രതികളാവുന്നത് പ്രത്യേക സമുദായത്തിലുള്ളവരാണെങ്കില്‍ പരാതിക്കാരോട് പരാതിയൊഴിയാനും കേസ് ഒതുക്കിത്തീര്‍ക്കാനും ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ബാലാവകാശ സംരക്ഷണ വേദി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പുതുശ്ശേരി ശ്രീനിവാസ് ഉന്നയിച്ചത്. പാലക്കാട് പി.എം.ജി സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ മാറിടത്തില്‍ അധ്യാപികയുടെ സാന്നിധ്യത്തില്‍ ഒരു അധ്യാപകന്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്ന പരാതി, മോയന്‍സ് ഗേള്‍സ് സ്‌കൂളില്‍ 13 വിദ്യാര്‍ഥിനികളെ അവിടുത്തെ തന്നെയുള്ള അധ്യാപകന്‍ ശാരീരികമായി പീഡിപ്പിച്ചുവെന്ന പരാതി, കാണിക്കമാതാ സ്‌കൂളില്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗിക പീഡനത്തിനു ശ്രമിച്ചുവെന്ന പരാതി എന്നിവയൊക്കെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചൈല്‍ഡ് ലൈനും മുന്‍കൈയെടുത്ത് ഒത്തുതീര്‍പ്പാക്കുകയാണുണ്ടായതെന്ന് ബാലാവകാശ സംരക്ഷണ വേദി ജനറല്‍ കണ്‍വീനര്‍ കുറ്റപ്പെടുത്തി.
മേല്‍പറഞ്ഞ പരാതികളിലൊക്കെയും പ്രതിസ്ഥാനത്ത് വന്നത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനുമായി ബന്ധമുള്ള പ്രത്യേക സമുദായത്തിലുള്ളവരായിരുന്നുവെന്നും ശ്രീനിവാസ് വ്യക്തമാക്കി.
പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സീനിയര്‍ ബേസിക് സ്‌കൂള്‍ പ്രധാനാധ്യാപക സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച സംഭവത്തില്‍ കുട്ടി ജില്ലാ ആശുപത്രിയില്‍ ദിവസങ്ങളോളം കിടത്തി ചികിത്സയ്ക്ക് വിധേയനായിട്ടും ജനകീയ പ്രതിഷേധങ്ങളുണ്ടായിട്ടും ചൈല്‍ഡ്‌ലൈനും വെല്‍ഫെയര്‍ കമ്മിറ്റിയും പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ആരോപണമുണ്ടായിരുന്നു. ഒടുവില്‍ എസ്.പി ഓഫിസിലേക്കും കലക്ടറേറ്റിലേക്കും ബഹുജന മാര്‍ച്ച് നടന്ന ശേഷം മാത്രമാണ് സ്‌കൂളിലെ പ്രധാനാധ്യാപിക സിസ്റ്റര്‍ അന്നാമേരിക്കെതിരേ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചൈല്‍ഡ് ലൈനും നടപടി സ്വീകരിച്ചത്. ബാലാവകാശ നിയമം സംരക്ഷിക്കാന്‍ ബാധ്യതയുള്ള ചൈല്‍ഡ് ലൈനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഉത്തരവാദിത്വം ഏറ്റെടുത്ത നാള്‍ മുതല്‍ കഞ്ചിക്കോട്ടെ പെണ്‍കുട്ടികളുടെ ദുരൂഹമരണം വരേയുള്ള സംഭവങ്ങളില്‍ അവര്‍ സ്വീകരിച്ച നിലപാടുകളേയും ഇവരില്‍ നിന്ന് ഉണ്ടായിട്ടുള്ള ഇടപെടലുകളേയും കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പുതുശ്ശേരി ശ്രീനിവാസ് ആവശ്യപ്പെട്ടു.
വാളയാര്‍ പീഡനവുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദനും പാലക്കാട് ശിശുക്ഷേമ സമിതിയുടെ നിഷ്‌ക്രിയത്വത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."