സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ്: കളത്തിലിറങ്ങി സിറ്റി പൊലിസ് കമ്മിഷണര്‍; ഒരാഴ്ചയ്ക്കകം നടപടി
കോഴിക്കോട്: സൗത്ത് ബീച്ചില്‍ അനധികൃതമായി നിര്‍ത്തിയിടുന്ന ലോറികള്‍ക്കെതിരേ ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ കെ. സഞ്ജയ്കുമാര്‍ ഗുരുദിന്‍.
മുഹമ്മദലി കടപ്പുറം മുതല്‍ സീ ക്യൂന്‍ വരെ പാര്‍ക്കിങ്ങിന്റെ പ്രയാസങ്ങള്‍ നടന്നുകണ്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് ബീച്ച് സംരക്ഷണസമിതി ആയിരം പേരുടെ ഒപ്പു ശേഖരിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു സ്ഥലം സന്ദര്‍ശിക്കാനെത്തിയത്.
ഗതാഗതക്കുരുക്കും കാല്‍നട യാത്രക്കാരുടെ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ദ്രുതഗതിയില്‍ ലോറികള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് സംഘത്തിലുണ്ടായിരുന്ന ട്രാഫിക് സിറ്റി ട്രാഫിക് സി.ഐ ടി.പി ശ്രീജിത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. അനധികൃതമായാണു ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. കൂടാതെ ഇതിന്റെ മറവില്‍ മയക്കുമരുന്ന് വിപണനവും ജനങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
റോഡിന് ഇരുവശത്തായി ലോറികള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗതക്കുരുക്കും അപകടങ്ങളും ഇവിടെ പതിവാണെന്ന കാര്യവും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
സൗത്ത് ബീച്ചിന്റെ ശുചിത്വത്തെയും ഇവിടെ വരുന്ന സഞ്ചാരികളെയും ഇതു സാരമായി ബാധിക്കുന്നുണ്ട്. ലോറി പാര്‍ക്ക് ചെയ്തത് കാരണം ഡ്രയിനേജ് സംവിധാനം താറുമാറാവുകയും കാല്‍നട യാത്രക്കാര്‍ക്കായി സജ്ജീകരിച്ച നടപ്പാത ഉപയോഗിക്കാന്‍ സാധിക്കാത്തതും പ്രധാന പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം ചര്‍ച്ച ചെയ്യാന്‍ ട്രാഫിക് പൊലിസിന്റെയും പ്രാദേശിക നേതാക്കളുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മിഷണറോടൊപ്പം സിറ്റി ട്രാഫിക് സി.ഐയ്ക്ക് പുറമെ ടൗണ്‍ സി.ഐ എ. ഉമേഷ്, ടൗണ്‍ എസ്.ഐ സുഭാഷ് ചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നിലപാട് വ്യക്തമാക്കി സി.പി.എം
കോഴിക്കോട്: സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സി.പി.എം. ലോറി പാര്‍ക്കിങ്ങിനെതിരേ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെല്ലാം രംഗത്തുവന്നപ്പോള്‍ സി.പി.എം ഇതുമായി ബന്ധപ്പെട്ട് മൗനം തുടരുന്നതിനിടെയാണ് നിലപാടുമായി രംഗത്തെത്തിയത്.
ബദല്‍ സംവിധാനം ഒരുക്കി പാര്‍ക്കിങ് ഒഴിവാക്കണമെന്നാണ് സൗത്ത് ഏരിയ കമ്മിറ്റി പത്രക്കുറിപ്പിറക്കിയത്. പോര്‍ട്ടിന്റെ സ്ഥലത്ത് സ്റ്റാന്‍ഡിനുള്ള അനുമതിക്കായി ടെന്‍ഡര്‍ വിളിക്കണമെന്നും ഇതാണ് പാര്‍ക്കിങ് റോഡിലേക്കെത്താന്‍ കാരണമായതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. വാണിജ്യ മേഖല പ്രതിസന്ധിയിലായ സമയത്ത് ലോറി സ്റ്റാന്‍ഡിന് ബദല്‍ സംവിധാനം ഒരുക്കി പുനരധിവസിപ്പിച്ച് ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ മുന്‍കൈ എടുക്കണമെന്നും ഏരിയാ സെക്രട്ടറി സി.പി മുസാഫര്‍ അഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."