ഐ.ജി.ബി; ഓര്‍മയായത് കോഴിക്കോടിന്റെ അക്ഷരസ്‌നേഹി
കോഴിക്കോട്: മുഖംനിറഞ്ഞു നിന്ന കൊമ്പന്‍മീശയ്ക്ക് പിറകില്‍ സദാ പുഞ്ചിരി തൂകുന്ന മുഖത്തിനുടമ. ഇന്നലെ അന്തരിച്ച ഐ.ജി.ബിയെന്ന പ്രൊഫ. ഐ.ജി ഭാസ്‌കരണപ്പണിക്കരെ സുഹൃത്തുക്കള്‍ അങ്ങനെയാണ് വിശേഷിപ്പിക്കാറ്. വലിയൊരു ശിഷ്യസമ്പത്തിന്റെയും പുസ്തകശേഖരത്തിന്റെയും ഉടമ കൂടിയാണ് ഭാസ്‌കരപ്പണിക്കര്‍. വരുമാനത്തിന്റെ വലിയൊരു പങ്കും പുസ്തകം വാങ്ങാനാണ് അദ്ദേഹം നീക്കിവച്ചത്. കുട്ടികള്‍ക്ക് വേണ്ടി തന്റെ സ്വകാര്യ ലൈബ്രറി അദ്ദേഹം എപ്പോഴും തുറന്നിട്ടു.
പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഭാസ്‌കരപ്പണിക്കരുടെ ശിഷ്യനായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സ്വന്തം കൈയില്‍ നിന്നു പണം മുടക്കി പഠിപ്പിക്കാനും അദ്ദേഹം തയാറായി. സാഹിത്യവും ശാസ്ത്രവും ജീവചരിത്രവും തത്വചിന്തയുമെല്ലാം ഒരുപോലെ വഴങ്ങുമായിരുന്നു. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത് ഭാസ്‌കരപ്പണിക്കരായിരുന്നു.
തന്നെ പുറത്താക്കാനൊരുങ്ങിയ പ്രിന്‍സിപ്പലിനെ ശിക്ഷിക്കാന്‍ ശ്രമിച്ച മാനേജ്‌മെന്റിനെതിരേ സത്യഗ്രഹം നടത്തിയ അപൂര്‍വതയും ഐ.ജി.ബിയ്ക്ക് സ്വന്തം. വിദ്യാര്‍ഥി ഫെഡറേഷനിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് കടന്നുവന്നത്. അധ്യാപക ജോലിയില്‍ പ്രവേശിച്ചതോടെ അധ്യാപക സംഘടനാ നേതാവായി. പ്രൈവറ്റ് കോളജ് അധ്യാപകര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നതിനുവേണ്ടി നിരന്തരം പോരാടിയ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. 1937 -ല്‍ എ.ഐ.എസ്.എഫിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. 1948 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. മരിക്കുമ്പോള്‍ സി.പി.ഐ മാങ്കാവ് ബ്രാഞ്ച് അംഗമാണ്. ഐ.ജി.ബിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ശിഷ്യരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ നിരവധി പേരാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഡോ. എം.ജി.എസ് നാരായണന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡോ. കെ.എന്‍ ഗണേഷ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, വി.വി ദക്ഷിണാമൂര്‍ത്തി, ടി.വി ബാലന്‍, ഡോ. കെ.എന്‍ ഗണേഷ്, കെ.ടി രാധാകൃഷ്ണന്‍ മാസ്റ്റര്‍, പ്രൊഫ. വി. നാരായണന്‍ കുട്ടി, പി.വി ഗംഗാധരന്‍, കെ.ജി പങ്കജാക്ഷന്‍, പ്രൊഫ. കെ. പാപ്പൂട്ടി, എന്‍.ഇ ബാലകൃഷ്ണ മാരാര്‍, അഡ്വ. പി. ഗവാസ് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."