ഏഷ്യാനെറ്റ്, മീഡിയവണ്‍ സംപ്രേഷണം നിര്‍ത്തിയ നടപടിയില്‍ പ്രതിഷേധിച്ചു
മനാമ: ഡല്‍ഹി കലാപം റിപ്പോര്‍ട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബഹ്‌റൈനിലെ കേരള മീഡിയ ഫോറം അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്. മാധ്യമള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആര്‍ക്കും അംഗീകരിക്കാനുമാകില്ലെന്നും ആവശ്യപ്പെട്ടു.
ഡല്‍ഹി കലാപം സത്യസന്ധതയോടെ റിപ്പോര്‍ട്ട് ചെയ്ത മീഡിയാ വണ്‍ ചാനലിനെയും ഏഷ്യാനെറ്റിനെയും 48 മണിക്കൂര്‍ വിലക്കിയ കേന്ദ്രത്തിന്റെ പ്രതികാര നടപടിയില്‍ ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി നിശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡല്‍ഹി കലാപത്തിലെ സംഘ്പരിവാര്‍ ബന്ധവും പാലിസ് നിഷ്‌ക്രിയത്വവും റിപ്പോര്‍ട്ട് ചെയ്തതിനാണ് ഈ മാധ്യമങ്ങള്‍ക്കെതിരേ കേന്ദ്രം പ്രതികാരപൂര്‍വം വിലക്കേര്‍പ്പെടുത്തിയത്. കശ്മീരില്‍ ഒരു ജനതയെ ഇരുട്ടിലടച്ചത് പോലെ ഒരു രാജ്യത്തെ തന്നെ നിശബ്ദമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ജനാതിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങളെ വിലക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി അപലപനീയമെന്ന്,ഐ വൈ സി സി ബഹ്‌റൈന്‍ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.
ദല്‍ഹി കലാപ വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത മീഡിയ വണിനും ഏഷ്യാനെറ്റിനും എതിരെ 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ ഫാസിസ്റ്റ്‌വല്‍കരിക്കുന്നതിനുള്ള നടപടിയാണെന്ന് മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."