ഉള്ളാള്‍ അക്രമം: എസ്.എസ്.എഫ് നേതാവിന് ഇരുപത് വര്‍ഷം തടവ്
മംഗളൂരു: സമസ്ത പ്രവര്‍ത്തകരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ എസ്.എസ്.എഫ് നേതാവിന് മംഗളൂരു കോടതി ഇരുപത് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കാന്തപുരം വിഭാഗം എസ്.വൈ.എസ് ഉള്ളാള്‍ ശാഖാ വൈസ് പ്രസിഡന്റും എസ്.എസ്.എഫ് മുന്‍ പ്രസിഡന്റുമായ ഇംതിയാസ് (33) നെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഇതിന് പുറമേ ഇയാളുടെ അക്രമത്തില്‍ പരുക്കേറ്റ എസ്.കെ.എസ്.എസ്.എഫ് ഉള്ളാള്‍ ശാഖാ സെക്രട്ടറി സവാദ്, ശംസുദ്ദീന്‍ എന്നിവര്‍ക്ക് മുഴുവന്‍ ചികിത്സാ ചെലവും കേസ് സംബന്ധമായി ഉണ്ടായ ചെലവുകളും ലഭിക്കാന്‍ സെക്ഷന്‍ 357 പ്രകാരം ലീഗല്‍ എയിഡ് സെല്ലിനെ ബന്ധപ്പെട്ട രേഖകളുമായി വാദികള്‍ക്ക് സമീപിക്കാമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ കഴിഞ്ഞ ദിവസമാണ് മംഗളൂരു കോടതി (മൂന്ന്) യിലെ ജസ്റ്റിസ് പുഷ്പാഞ്ജലി ദേവി വിധി പറഞ്ഞത്.
2013 ഒക്ടോബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. ഉള്ളാള്‍ പ്രദേശത്തെ മേലങ്കടി പ്രദേശ വാസികള്‍ പ്രദേശത്തെ പള്ളിയില്‍ ജുമുഅ നിസ്‌കാരം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു എല്ലാവിധ തയാറെടുപ്പുകളും പ്രദേശ വാസികള്‍ ഒരുക്കുകയും ജുമുഅ ഉദ്ഘാടനത്തിന് കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത്, ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ഉള്‍പ്പെടെ പ്രമുഖര്‍ പള്ളിയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇതില്‍ പ്രകോപിതരായ കാന്തപുരം വിഭാഗത്തില്‍ പെട്ട ഒരു സംഘം ഇംതിയാസിന്റെ നേതൃത്വത്തില്‍ പള്ളി പരിസരത്തേക്ക് മുദ്രാവാക്യങ്ങളുമായി കടന്നു വരികയും സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു.
സംഘര്‍ഷത്തിനിടയിലാണ് പള്ളിപ്പരിസരത്ത് വച്ച് സവാദ്,ശംസുദ്ദീന്‍ എന്നിവരെ ഇംതിയാസ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സവാദ് കുറഞ്ഞ ദിവസത്തെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും ശംസുദ്ദീന് മാസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. ഇരുപത് ലക്ഷത്തോളം രൂപയാണ് ശംസുദ്ദീന്റെ ചികിത്സയ്ക്ക് വേണ്ടി ചെലവായതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഇംതിയാസിനൊപ്പം എട്ടോളം പേര്‍ കേസില്‍ പ്രതികളായിരുന്നെങ്കിലും ബാക്കിയുള്ളവരെ തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. ഐ.പി.സി 307 പ്രകാരം വധശ്രമത്തിന് പത്തു വര്‍ഷവും വസ്തുവകകള്‍ കൈക്കലാക്കാന്‍ വേണ്ടി ആക്രമണം നടത്തിയതിന് ഐ.പി.സി 327 പ്രകാരം പത്തു വര്‍ഷവും വീതമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. ഇരു ശിക്ഷകളും വെവ്വേറെ അനുഭവിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. വാദികള്‍ക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ നാരായണ ഷേരിഗാര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."