'സമസ്തയുടെ പേര് ദുരുപയോഗം ചെയ്യാനുള്ള നീക്കം വിലപ്പോവില്ല'
കോഴിക്കോട്: കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ വ്യക്തമായ സ്വീകാര്യത നേടി, കഴിഞ്ഞ 90 വര്‍ഷത്തിലധികമായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ കുറിച്ച് കുപ്രചരണങ്ങള്‍ അഴിച്ചുവിടാനുള്ള നീക്കം വിലപ്പോവില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 1989 ല്‍ സമസ്തയില്‍ നിന്ന് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട് സമാന്തരമായി സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുന്ന കാന്തപുരം വിഭാഗം സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ജനങ്ങളെ കബളിപ്പിക്കാനുള്ള വിഫല ശ്രമമാണ് നടത്തുന്നത്. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ, കേരള മുസ്‌ലിം ജമാഅത്ത് തുടങ്ങിയ പേരുകളിലൂടെ നടത്തിയ പരീക്ഷണങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാതെ വന്നപ്പോള്‍ സമസ്തയെന്ന അവകാശവാദവുമായി വീണ്ടും വന്നിരിക്കുകയാണ്. ദീര്‍ഘകാലം സമസ്തയുടെ പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെയും ജന. സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെയും നേതൃത്വത്തെ ധിക്കരിച്ചവരെ സമൂഹം തിരസ്‌കരിച്ചപ്പോള്‍ സ്വീകാര്യത ലഭിക്കാന്‍ വളഞ്ഞവഴി തേടുകയാണവര്‍. വിഷയത്തില്‍ വിവിധ കോടതികളില്‍ നടന്ന വ്യവഹാരങ്ങളിലും അന്തിമമായി സുപ്രിം കോടതിയില്‍ നിന്നും സമസ്തയ്ക്ക് അനുകൂലമായാണ് തീര്‍പ്പ് ലഭിച്ചത്.
വ്യാജ സംഘടനയുണ്ടാക്കി വ്യാജ പ്രചരണങ്ങളിലൂടെ നിലനില്‍പ്പിന്ന് വഴിതേടി വ്യാജ വസ്തുക്കള്‍ ഉപയോഗിച്ച് ഉപജീവനം തേടുന്ന കാന്തപുരം സമൂഹത്തില്‍ സ്വയം അപഹാസ്യനാവുകയാണ്. സുന്നി മുസ്‌ലിംകളുടെ അടിസ്ഥാന ആദര്‍ശത്തില്‍ പെട്ടതാണ് പ്രവാചകനുചരന്മാരെ ആദരിക്കുകയെന്നത്. എന്നാല്‍, അവരെ നിന്ദിക്കുകയും ധിക്കരിക്കുകയും ചെയ്ത അഹ്മദുല്‍ കുബൈസിയെ തങ്ങളുടെ സമ്മേളനത്തില്‍ മുഖ്യാതിഥിയായി കൊണ്ടുവന്നതിന് എന്ത് ന്യായമാണുള്ളതെന്നും വിഘടിത നേതൃത്വം വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."