മനാഫ് വധം: പ്രതിയെ ജയിലിലേക്കയച്ചു
മഞ്ചേരി: മനാഫ് വധക്കേസ് പ്രതിയായ മാലങ്ങാടന്‍ ഷെരീഫി (50) നെ ജയിലിലേക്കയച്ചു. പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രനായ ഇയാളെ എട്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നടപടികള്‍ അവസാനിപ്പിച്ച് കോടതി കേസ് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്കു വിട്ടു. 24 വര്‍ഷം ദുബൈയില്‍ ഒളിവില്‍ കഴിഞ്ഞ ഷെരീഫ് കഴിഞ്ഞ 21നാണ് കോടതിയില്‍ കീഴടങ്ങിയത്. കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചെങ്കിലും തളര്‍ച്ച അഭിനയിച്ച ഷെരീഫിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ഹൃദ്രോഗമില്ലെന്നു കണ്ടെത്തുകയും പ്രമേഹമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
രോഗം അഭിനയിച്ച് ഷെരീഫ് ആശുപത്രിയില്‍ സുഖവാസം നടത്തുകയാണെന്നും ജയിലിലേക്കയക്കണമെന്നും ആവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചികിത്സയിലാണെന്നു പറഞ്ഞ് കോടതിയില്‍ ഹാജരാകാതിരുന്ന ഷെരീഫ്, ഇന്നലെ പൊലിസിനൊപ്പം ഓട്ടോറിക്ഷയിലാണ് കോടതിയിലേക്കെത്തിയത്. ബസ് സ്റ്റാന്‍ഡ് ബില്‍ഡിങിലെ മൂന്നാം നിലയിലെ കോടതിയിലേക്കു നടന്നു കയറുകയും ചെയ്തു. കോടതി നടപടികള്‍ കഴിഞ്ഞു തിരിച്ചിറങ്ങുമ്പോള്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവരെ തടഞ്ഞതു സംഘര്‍ഷാവസ്ഥയുണ്ടാക്കി. കൂടുതല്‍ പൊലിസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഷെരീഫിനെ മഞ്ചേരി സബ് ജയിലിലേക്കു മാറ്റി.
കേസില്‍ ഒന്നാം പ്രതി ഷെഫീഖിനെ പിടികൂടാനുണ്ട്. ഷെഫീഖ് ദുബൈയില്‍ സുഖജീവിതം നയിക്കുന്നതിന്റെ ഫോട്ടോകളും വിഡിയോയും മനാഫിന്റെ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."