പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ഗവര്‍ണര്‍ക്ക് ബോധ്യമായി: മന്ത്രി ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല
ആലപ്പുഴ: സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന അദാലത്ത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍വകലാശാലയില്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും നടത്തിയ അദാലത്ത് നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
അദാലത്ത് നടത്തി മാര്‍ക്ക് ദാനം നടത്താന്‍ മന്ത്രിക്ക് അധികാരമില്ല. നീതി ബോധമുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോകണം അല്ലെങ്കില്‍ മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.മന്ത്രി ജലീലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ഗവര്‍ണ്ണര്‍ക്ക് ബോധ്യമായി. ജലീലിന്റെ ധിക്കാരത്തിനുള്ളത് ഇപ്പോള്‍ കിട്ടി.സര്‍വകലാശാലകളെ തന്റെ ചൊല്പടിക്ക് നിര്‍ത്താനുള്ള മന്ത്രിയുടെ നീക്കമാണ് ഗവര്‍ണര്‍ തടഞ്ഞതെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.
ഫയല്‍ അദാലത്ത് സംഘടിപ്പിക്കാന്‍ വ്യവസ്ഥകളില്ലെന്നും അദാലത്ത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് പുറപ്പെടുവിച്ചത്. നിയമവിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കരുതെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്കി. പരാതിക്കാരുടേയും സര്‍വകലാശാല അധികൃതരുടേയും വിശദീകരണം കേട്ടശേഷമാണ് റിപ്പോര്‍ട്ട് പുറപ്പെടുവിച്ചത്. തോറ്റ വിദ്യാര്‍ഥികളുടെ പുനര്‍മൂല്യനിര്‍ണയം റദ്ദാക്കിയില്ല. വിദ്യാര്‍ഥിയുടെ ഭാവിയെക്കരുതിയാണ് പുനര്‍മൂല്യനിര്‍ണയം റദ്ദാക്കാത്തതെന്ന് ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."