ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന്; കാവനൂരില്‍ 14 പേര്‍ പത്രിക സമര്‍പ്പിച്ചു
അരീക്കോട്: കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ പത്രിക നല്‍കിയതു 14 സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി, ഖാഇദേ മില്ലത്ത് ഫോറം സ്ഥാനാര്‍ഥികള്‍ക്കു പുറമേ അപരന്മാരും സ്വതന്ത്രരും ഉള്‍പ്പെടെയുള്ള 14 പേര്‍ 23 സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ആരുടെയും പത്രിക തള്ളിയിട്ടില്ല. നാളെ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി പൂര്‍ത്തിയായാല്‍ മാത്രമേ മത്സര രംഗത്തുള്ളവരെക്കുറിച്ചു വ്യക്തമായ ചിത്രം തെളിയൂ. എളയൂര്‍ സ്വദേശിയായ മുക്കണ്ണന്‍ സഫിയയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. പൊട്ടണംചാലില്‍ ശാഹിനയാണ് എല്‍.ഡി.എഫിനു വേണ്ടി മത്സരിക്കുന്നത്. ഷഹന റിയാസാണ് ഖാഇദേമില്ലത്ത് ഫോറം സ്ഥാനാര്‍ഥി. അഡ്വ. കെ. ആഷിജയാണ് ബി.ജെ.പിക്കു വേണ്ടി ജനവിധി തേടുന്നത്. എസ്.ഡി.പി.ഐ മത്സരിക്കുന്നില്ല. പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്തു സജീവമായി. എല്‍.ഡി.എഫും യു.ഡി.എഫും ഖാഇദേമില്ലത്ത് ഫോറവും വീടുകയറിയുള്ള പ്രചാരണത്തിനാണ് മുന്‍ഗണന നല്‍കുന്നത്.
അതിനിടയില്‍, രാജിവച്ച അംഗവും ഖാഇദേമില്ലത്ത് ഫോറം നേതാവിന്റെ ഭാര്യയുമായ സി.പി ഫാത്വിമയും സി.പി.എം അരീക്കോട് ഏരിയാ സെക്രട്ടറി കെ. ഭാസ്‌കരന്റെ ഭാര്യ വിനോദിനിയും പത്രിക സമര്‍പ്പിച്ചതു സി.പി.എമ്മിനെയും ഖാഇദേമില്ലത്ത് ഫോറം പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
പഞ്ചായത്ത് ഭരണം പിടിക്കാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും നിര്‍ണായകവും മുസ്‌ലിം ലീഗിന് അഭിമാന പ്രശ്‌നവുമായ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും പ്രചാരണ വിഷയമാക്കുന്നത് വികസന നേട്ടങ്ങള്‍ തന്നെയാണ്.
പഞ്ചായത്തില്‍ കേവല ഭൂരിപക്ഷമില്ലാതെ യു.ഡി.എഫും എല്‍.ഡി.എഫും പ്രയാസത്തിലായതോടെ വിജയിച്ചാല്‍ സമ്മര്‍ദ തന്ത്രം പയറ്റാനിടയുള്ള ഖാഇദേമില്ലത്ത് ഫോറവും വോട്ടുതേടുന്നതു വികസനം പറഞ്ഞാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ടു പഞ്ചായത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുമെന്നാണ് എല്‍.ഡി.എഫ് നേതൃത്വത്തിന്റെ വിശ്വാസം.
എന്നാല്‍, മൂന്നു വര്‍ഷത്തെ ഭരണം ദുരിതപൂര്‍ണമായിരുന്നുവെന്നും മാറിവന്ന ഭരണസമിതി മൂന്നു മാസംകൊണ്ട് നടപ്പിലാക്കിയത് ജനോപകാര പദ്ധതികളാണെന്നും യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,200 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 1,030 പേരാണ് വോട്ടുരേഖപ്പെടുത്തിയത്.
അന്തിമ പട്ടികയില്‍ 1,342 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. യു.ഡി.എഫ് 538, എല്‍.ഡി.എഫ് 405, ബി.ജെ.പി 87 എന്നിങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില. 133 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി ഫാത്വിമ വിജയിച്ചിരുന്നത്.
വണ്ടൂര്‍ ബ്ലോക്കില്‍ പത്രിക സമര്‍പ്പിച്ചത് ആറുപേര്‍
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്ത് ചെമ്പ്രശ്ശേരി ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ആറു പേര്‍ പത്രിക സമര്‍പ്പിച്ചു. ഇവയുടെ സൂക്ഷ്മ പരിശോധന ഇന്നലെ വണ്ടൂര്‍ ബ്ലോക്ക് കാര്യാലയത്തില്‍ നടന്നു.
വരണാധികാരിയായ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ സജികുമാറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മപരോശോധന നടത്തിയത്. എല്‍.ഡി.എഫില്‍നിന്ന് എന്‍.ടി സുരേന്ദ്രന്‍, യു.ഡി.എഫില്‍നിന്ന് ടി.എച്ച് മൊയ്തീന്‍, ബി.ജെ.പിയില്‍നിന്ന് ടി.എം ബിജു എന്നിവരും മൂന്നു ഡമ്മി സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ ആറു പേരുടെ പത്രികയാണുള്ളത്. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. ഫെബ്രുവരി 14ന് തിരഞ്ഞെടുപ്പും 15ന് വോട്ടെണ്ണലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."