പെണ്‍കരുത്തില്‍ മികവോടെ 'സുധീര'
മലപ്പുറം: സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ച് പെരിന്തല്‍മണ്ണ നഗരസഭ നടപ്പാക്കുന്ന സുധീര പദ്ധതിയില്‍ പെണ്‍കരുത്തിന്റെ പ്രതീകമായി കായിക പരിശീലനത്തില്‍ ഏഴാമത്തെ ബാച്ചും പരിശീലനം പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് തന്നെ ആദ്യമായി ഈ മുന്നേറ്റം ഏറ്റെടുത്ത് നടത്തിയത് 2013-14 വാര്‍ഷിക പദ്ധതിയില്‍ പെരിന്തല്‍മണ്ണ നഗരസഭയാണ്. ആദ്യ ബാച്ചില്‍ 150 വനിതകളാണ് പരിശീലനത്തിനായി എത്തിയത്. ഈ സാമ്പത്തിക വര്‍ഷം 800 വനിതകളാണ് പരിശീലനത്തിനായി എത്തിയത്.
34 വാര്‍ഡിലും സന്നദ്ധരായ എല്ലാ വനിതകള്‍ക്കും സുരക്ഷ- പ്രതിരോധത്തിലൂന്നിയ മാര്‍ഷ്യല്‍ ആര്‍ട്‌സ്, കായിക പരിശീലനങ്ങളാണ് ആദ്യഘട്ടത്തില്‍ നല്‍കിത്തുടങ്ങിയത്. ഇത് പിന്നീട് വ്യായാമ മുറകളടക്കമുള്ള പരിശീലനത്തിലേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ ആറ് മേഖലാ കേന്ദ്രങ്ങളില്‍ ഞായറാഴ്ചകളില്‍ വുഷൂ, കരാട്ടേ, കളരി, തുടങ്ങിയ കായികാഭ്യാസമുറകളിലും സൂംബ, എയറോബിക്, യോഗ, മെഡിറ്റേഷന്‍ എന്നിവയില്‍ ദിവസവും പരിശീലനം നല്‍കും. 3670 ഓളം പേര്‍ക്ക് ഇതിനകം പരിശീലനം നല്‍കിക്കഴിഞ്ഞു.
പരിശീലനം നേടിയവരുടെ സംഗമം നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ബാച്ചിന്റെ പരിശീലന വാര്‍ഷികാവലോകനം നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരുമടങ്ങുന്ന സമിതിയും വിലയിരുത്തി. ക്ഷേമകാര്യ സ്ഥിരസമിതി കമ്മിറ്റി ചെയര്‍മാന്‍ പി.ടി ശോഭന അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ എ.നസീറ, അമ്പിളി മനോജ്, ഷഫീന, സുന്ദരന്‍ കാരയില്‍ ഐ.സി.ഡി എസ് സൂപ്പര്‍വൈസര്‍ കെ. ആയിഷ, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പ്രേമലത, വിന്നര്‍ ഷരീഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."