മൂന്നില്‍ രണ്ട് ഇന്ത്യക്കാരും കൈക്കൂലി കൊടുക്കുന്നതായി സര്‍വേ
ന്യൂഡല്‍ഹി:ഏഷ്യന്‍ പസഫിക് മേഖലയില്‍ ഏറ്റവുമധികം'കൈക്കൂലി സമ്പ്രദായം'ഉള്ളത് ഇന്ത്യയിലെന്നു സര്‍വേ. സര്‍ക്കാര്‍ സര്‍വിസുകള്‍ ലഭ്യമാവുന്നതിനായി ഇന്ത്യയിലെ മൂന്നില്‍ രണ്ടുപേരും കൈക്കൂലി നല്‍കുന്നവരാണെന്നും സന്നദ്ധ സംഘടനയായ ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷനല്‍ നടത്തിയ സര്‍വേയില്‍ പറയുന്നു.
ഇന്ത്യയില്‍ നിന്നു സര്‍വേയില്‍ പങ്കെടുത്ത 69 ശതമാനം പേരും തങ്ങള്‍ പലപ്പോഴായി കൈക്കൂലി കൊടുത്തതായി സമ്മതിച്ചു. വിയറ്റ്‌നാമിലെ 65 ശതമാനവും പലപ്പോഴായി കൈക്കൂലി നല്‍കിയതായി സമ്മതിച്ചപ്പോള്‍ ചൈനയിലെ 26 ശതമാനം ആളുകള്‍ മാത്രമാണ് ജീവിതത്തില്‍ എപ്പോഴെങ്കിലും കൈക്കൂലി നല്‍കിയവര്‍. പാകിസ്താനിലെ 40 ശതമാനം ആളുകളും കാര്യസാധ്യത്തിനായി 'കൈമടക്ക്'നല്‍കിയവരാണ്. ഏഷ്യന്‍ പസഫിക് മേഖലയില്‍'കൈക്കൂലി സമ്പ്രദായം'ഏറ്റവും കുറവുള്ളത് ജപ്പാനിലാണ്. ആയിരത്തില്‍ രണ്ടുപേര്‍ മാത്രമാണ് അവിടെ എപ്പോഴെങ്കിലും കൈക്കൂലി നല്‍കിയത്. ദക്ഷിണ കൊറിയയിലിത് മൂന്നുശതമാനമാണ്.
'കൈമടക്ക്'വാങ്ങുന്നവരില്‍ ഏറ്റവും മുന്നിലുള്ളത് പൊലിസ് ഉദ്യോഗസ്ഥരാണ്.നല്‍കിയവരായി അഭിപ്രായപ്പെട്ട 38 ശതമാനം പേരും അതിദരിദ്രരാണെന്നു സര്‍വേ നടത്തിയ ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷനല്‍ വക്താവ് ജോല് ഉഗാസ് പറഞ്ഞു. അനുകൂല തീരുമാനത്തിനും സര്‍ക്കാര്‍ രേഖകള്‍ ശരിയാക്കുന്നതിനുമായി പൊലിസ്, ജഡ്ജിമാര്‍, അധ്യാപകര്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കു പണമായോ വിലപിടിപ്പുള്ള സമ്മാനങ്ങളോ ആണ് നല്‍കാറുള്ളതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഏഷ്യന്‍ പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നായി 20,000 പേരാണ് അഭിപ്രായസര്‍വേയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."