പനാമ രേഖകള്‍: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: പനാമ കള്ളപ്പണ ഇടപാടുസംബന്ധിച്ച് പുറത്തുവന്ന രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഇന്ത്യക്കാരെ കുറിച്ച് നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവ്. രാജ്യത്തെ വിവിധ അന്വഷണ ഏജന്‍സികളുടെ ആറ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
പനാമ കള്ളപ്പണ ഇടപാട് സംബന്ധിച്ച് സമ്പൂര്‍ണ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ ശര്‍മ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം ഇത് പ്രത്യേക അന്വേഷണ സംഘത്തിന് വിടണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു.
പനാമയിലെ നിയമ സ്ഥാപനമായ മൊസാക് ഫൊനെസ്കോയുടെ രേഖകള്‍ ചോര്‍ത്തി ഒരു ജര്‍മന്‍ പത്രം പുറത്തുവിട്ട 'പനാമ പേപ്പേഴ്സി'ല്‍ പേരുള്ള നികുതി വെട്ടിച്ച 137 ഇന്ത്യക്കാരെ കുറിച്ച് അന്വേഷിക്കാനാണ് ഹരജിക്കാരന് ആവശ്യപ്പെട്ടത്. സംഭവത്തില്‍ കള്ളപ്പണം തടയല്‍ നിയമ പ്രകാരം കേസെടുക്കാന്‍ സി.ബി.ഐക്കു നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവിധ ഏജന്‍സികള്‍ ഇതുസംബന്ധിച്ചു അന്വേഷിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഏജന്‍സികള്‍ 450ഓളം പേരെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇതോടെയാണ് ഈ റിപ്പോര്‍ട്ടുകള്‍ ഒരുമാസത്തിനകം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. കേസ് അടുത്തമാസം 18നു വീണ്ടും പരിഗണിക്കും.
പനാമാ രേഖകള്‍ സംബന്ധിച്ച് നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, ആദായ നികുതി വകുപ്പ്, റിസര്‍വ് ബാങ്ക് എന്നിവ അന്വേഷണം നടത്തിവരികയാണ്.
ഈ റിപ്പോര്‍ട്ടുകളാണ് ഇന്നലെ സുപ്രിംകോടതി ആവശ്യപ്പെട്ടത്. പുറമെ കേന്ദ്രപ്രത്യക്ഷനികുതി ബോര്‍ഡ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ് എന്നിവയും സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."