മില്‍മ മലബാര്‍ മേഖലാ ആസ്ഥാനത്ത് വന്‍ അഗ്നിബാധ
90 ലക്ഷം രൂപയുടെ നാശനഷ്ടം
കുന്ദമംഗലം: പെരിങ്ങളത്തുള്ള മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദക കേന്ദ്രത്തിന്റെ (മില്‍മ) ആസ്ഥാനത്ത് വന്‍ അഗ്നിബാധ. കംപ്യൂട്ടര്‍ റൂമിലാണ് വെള്ളിയാഴ്ച രാവിലെ ഏഴോടെ തീപിടിത്തമുണ്ടായത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ആറു ജില്ലകളിലെ ഗ്രാമീണ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടെ കേന്ദ്ര സ്ഥാപനമായ മില്‍മയുടെ വിറ്റുവരവ് കണക്കുകള്‍ സൂക്ഷിക്കുന്ന 12 ലക്ഷം രൂപ വീതം വിലവരുന്ന അഞ്ച് സെര്‍വറുകള്‍, 12 അനുബന്ധ കംപ്യൂട്ടറുകള്‍, ബി.എസ്.എന്‍.എല്ലിന്റെ ഇ.പി.ബി.എക്‌സ് യന്ത്രം, മൂന്ന് റൂട്ടറുകള്‍, അനുബന്ധ ഫര്‍ണിച്ചര്‍, നാലു സ്വിച്ച് ബോര്‍ഡുകള്‍, പ്രിന്ററുകള്‍, രണ്ട് എ.സി, ട്യൂബ് ലൈറ്റുകള്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.
കെട്ടിടത്തിന്റ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. കാന്റീനും ഓഫിസ് മുറികളുമാണ് ഈ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളിമാട്കുന്ന് നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ ബാബുരാജ്, നന്ദകുമാര്‍, അബ്ദുല്‍ ശുക്കൂര്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം ഒരു മണിക്കൂര്‍ നേരം ശ്രമിച്ചാണ് തീയണച്ചത്. വെള്ളം ഉപയോഗിച്ചാല്‍ സെര്‍വറിലെ വിവരങ്ങള്‍ നശിക്കുമെന്നതിനാല്‍ സിലിക്കണൈസ്ഡ് സോഡിയം ബൈകാര്‍ബണൈറ്റ് ഉള്‍പ്പെട്ട ഡ്രൈപൗഡര്‍ ഉപയോഗിച്ചാണ് തീയണച്ചത്. 90 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."