ട്രെയിനില്‍നിന്ന് 5.6 കിലോ കഞ്ചാവ് പിടികൂടി
കുറ്റിപ്പുറം: റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. തിരൂര്‍, കുറ്റിപ്പുറം എക്‌സൈസ് വകുപ്പും റെയില്‍വേ ക്രൈം ഇന്റലിജന്‍സും സംയുക്തമായി കുറ്റിപ്പുറത്തു ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികളുമായി നാലംഗ സംഘം പിടിയിലായത്. തമിഴ്‌നാട് തിരുപ്പൂര്‍ വീരപാണ്ഡിപ്പിരിവ് നിവാസി ശിവ (33), കോഴിക്കോട് അത്തോളി സ്വദേശികളായ സൂരജ് (20), സൗരവ് (20), വളവന്നൂര്‍ കടുങ്ങാത്തുകുണ്ട് സ്വദേശി മുബീനുല്‍ ഹഖ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ എത്തിയ കോയമ്പത്തൂര്‍ പാസഞ്ചറില്‍നിന്നാണ് ശിവയെ 4.5 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടുന്നത്. ഇയാളുടെ പക്കല്‍നിന്ന് ഒരു മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും 8,690 രൂപയും കണ്ടെടുത്തു. കോഴിക്കോട് ഭാഗത്തേക്കു മൊത്തവിതരണത്തിനായി തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ പേരില്‍ തിരുപ്പൂര്‍, ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലായി അഞ്ചോളം കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. മറ്റു പ്രതികളായ സൂരജ്, സൗരവ് എന്നിവരില്‍നിന്ന് 500 ഗ്രാമും മുബീനുല്‍ ഹഖില്‍നിന്ന് 600 ഗ്രാമിന്റെ പൊതികളുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ മുബീനുല്‍ ഹഖ് ഇതു മൂന്നാം തവണയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. മൂന്നു മാസം മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനായിരുന്നത്.
തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ഹരികൃഷ്ണപിള്ള, കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ജിജി പോള്‍, സി.പി.ഒ ദിനേശന്‍, സി.ഇ.ഒമാരായ ഷിബു, മനോജന്‍, റിബീഷ്, സാഗീഷ്, രഞ്ജിത്ത്, സജിത്ത്, വിഷ്ണുദാസ്, രാജീവ്കുമാര്‍, മിനുരാജ്, ദിവ്യ, രജിത, ജ്യോതി, ശിവകുമാര്‍ എന്നിവരും റെയില്‍വേ ഇന്റലിജന്‍സ് ക്രൈം സ്‌ക്വാഡ് അങ്കങ്ങളായ സവിന്‍, കെ. സജു, സജി എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.
കഞ്ചാവ് വില്‍പനയ്ക്കിടെ യുവാവ് അറസ്റ്റില്‍
പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 100 ഗ്രാം കഞ്ചാവ് സഹിതം യുവാവിനെ പരപ്പനങ്ങാടി എക്‌സെസ് ഇന്‍സ്‌പെക്ടര്‍ എം.ഒ വിനോദും സംഘവും അറസ്റ്റ് ചെയ്തു. റെയില്‍വേ പരിസരം കേന്ദ്രീകരിച്ച് ചില്ലറ വില്‍പന നടത്തുന്ന അരിയല്ലൂര്‍ ബീച്ച് ദേശത്ത് കൂട്ടാളിന്റെ പുരക്കല്‍ റാഫിയെയാണ് അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ ഇന്‍സ്‌പെകര്‍ക്ക് പുറമേ പ്രിവന്റീവ് ഓഫിസര്‍ യൂസുഫലി, സുര്‍ജിത് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍, ജിനരാജ്, നിധിന്‍, ഡ്രൈവര്‍ സാജിദ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."