ഡി.ജി.പിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി; കോവളം ബൈപാസില്‍ വാഹന പരിശോധന
കോവളം: വാഹന പരിശോധന നടത്തുമ്പോള്‍ പാലിക്കേണ്ട ഡിജിപി യുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ബൈപ്പാസില്‍ പൊലിസിന്റെ വാഹന പരിശോധന. കോവളം ബൈപാസിലെ വഴമുട്ടം ഭാഗത്താണ് നിയമം ലംഘിച്ചുള്ള നിയമപാലകരുടെ വാഹനപരിശോധന പൊടിപൊടിക്കുന്നത്. ഒരു സമയം ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ തടഞ്ഞ് നിറുത്തി പരിശോധിക്കരുതെന്നും വാഹനങ്ങള്‍ക്കടുത്തെത്തി വേണം പരിശോധന നടത്താനെന്ന നിര്‍ദ്ദേശങ്ങളൊക്കെ അവഗണിക്കുന്നുവെന്ന് മാത്രമല്ല ബൈപാസിലെ സ്പീഡ് ട്രാക്കില്‍ പൊലിസ് വാഹനം നിറുത്തിയിട്ട് നടത്തുന്ന പരിശോധന ട്രാഫിക് നിയമം ലംഘിച്ചാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. തടഞ്ഞിടുന്ന വാഹനങ്ങള്‍ പോലും സ്പീഡ് ട്രാക്കില്‍ തന്നെയാണ് നിറുത്തിയിടുന്നത് . ഇങ്ങനെ വാഹനങ്ങള്‍ നിറുത്തിയിടുന്നതും ബൈപാസിന്റെ ഇടതുവശത്ത് നിറുത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് യാത്രക്കാര്‍ റോഡ് മുറിച്ച് കടന്ന് സ്പീഡ് ട്രാക്കില്‍ നിറുത്തിയിട്ടിരിക്കുന്ന പൊലിസ് വാഹനത്തിനടുത്ത് എത്തി രേഖകള്‍ കാണിക്കുകയോ പിഴയടക്കുകയോ ചെയ്യേണ്ടി വരുന്നതും അപകടം സൃഷ്ടിക്കുമെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.
ബൈപാസിലെ അമിത വേഗതക്കാരെ കണ്ടെത്താന്‍ കാമറയുമായി നില്‍ക്കുന്ന ഇന്റര്‍ സെപ്റ്റര്‍ ജീപ്പിലെ പൊലിസുകാരാണ് സ്പീഡ് ട്രാക്കില്‍ വാഹനം നിറുത്തിയിട്ട് നിയമം ലംഘിച്ച് നിയമലംഘകരെ പിടികൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."