എട്ടു വര്‍ഷമായി മുടങ്ങാതെ നോമ്പെടുത്ത് സുനില്‍കുമാര്‍
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ എം.ജി.ആര്‍ നഗറില്‍ എട്ട് വര്‍ഷമായി താമസിക്കുന്ന പറമ്പത്ത് സുനില്‍ കുമാറിന്റെ(50) നോമ്പ് അത്താഴം പോലും കഴിക്കാതെ. കണ്ണൂര്‍ ജില്ലയിലെ എടക്കാട് രാമകൃഷ്ണന്‍, നളിനി ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനായ പറമ്പത്ത് സുനില്‍ കുമാര്‍, ഭാര്യ സിന്ദു, മകന്‍ ശ്രീറാവണ്‍ എന്നിവരോടൊപ്പം കേരളത്തില്‍ നിന്നും വന്ന് ഇവിടെ താമസമാക്കിയിട്ട് എട്ട് വര്‍ഷമായി.
മൂന്ന് വര്‍ഷമായിട്ട് ഇദ്ദേഹം റമദാനില്‍ നോമ്പെടുത്ത് വരുന്നു. കണ്ണൂരില്‍ മുമ്പ് മലബാര്‍ ഹോസ്പിറ്റല്‍, കണ്ണൂരില്‍ നിന്നും ഇറങ്ങിയിരുന്ന ദേശമിത്രം പത്രത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ വയനാട് പനമരം സ്വദേശികളായ ഉമ്മര്‍, ആലി എന്നിവരുടെ ഗൂഡല്ലൂരിലെ സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുകയാണ്.
നോമ്പെടുക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നതായും പല തെറ്റായ ചിന്തകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും മനസ്സിനെ തടയാനും മനോധൈര്യം കൂടുന്നതായും 11 മാസവും വര്‍ക്ക് ചെയ്യുന്ന ശരീരം ഒരു മാസം വര്‍ക്ക് ഷോപ്പില്‍ കയറ്റുന്നതു പോലെയുമാണ് അനുഭവപ്പെടുന്നതെന്ന് ഇദ്ദേഹം പറയുന്നു. അത്താഴത്തിന് ഉണരുമെങ്കിലും അത്താഴം കഴിക്കാതെ തന്നെ നോമ്പെടുക്കുന്നതാണ് ഇഷ്ടമെന്നും ഇദ്ദേഹം പറയുന്നു. പല മുസ്‌ലിം കൂട്ടുകാരും നോമ്പ് തുറക്കാനുള്ള പല വിഭവങ്ങളും എത്തിക്കുമെങ്കിലും സ്വന്തം തന്നെ ഉണ്ടാക്കാറാണ് സുനില്‍കുമാര്‍.
1997 കണ്ണൂര്‍ ജില്ലയില്‍ കെ സുധാകരന്‍, കെ മുരളീധരന്‍ എന്നിവര്‍ നടത്തിയ ഉപവാസത്തില്‍ 21 ദിവസം പങ്കെടുത്തതായും ഇതിനാല്‍ തന്നെ അന്ന പാനീയം വെടിഞ്ഞ് നില്‍ക്കാമെന്നും മനസ്സിലായി. നോമ്പ് പാവപ്പെട്ടവന്റെ വിശപ്പും ദാഹവും മനസ്സിലാക്കാന്‍ നല്ലതാണന്നും സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."