ഡ്രൈവറില്ലാതെ ജീപ്പ് ഓടിയത് 200 മീറ്റര്‍; ദുരന്തം ഒഴിവായത് തലനാരിഴക്ക് അപകടത്തില്‍ ഒരാള്‍ക്ക് പരുക്ക്
കമ്പളക്കാട്: കമ്പളക്കാട് മാര്‍ക്കറ്റ് റോഡില്‍ ഇന്നലെ രാവിലെ ഡ്രൈവില്ലാതെ ജീപ്പോടിയത് 200 മീറ്ററോളം. തലനാരിഴക്കാണ് ദുരന്തമൊഴിവായത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. തരുവണയിലെ കാട്ടിക്കുന്നന്‍ ഹംസയുടെ മകന്‍ അന്‍ഷാദി(21)നാണ് പരുക്കേറ്റത്. ഇയാളുടെ വലതുകാലിന്റെ എല്ല് രണ്ടിടത്തായി പൊട്ടിയിട്ടുണ്ട്.
മാര്‍ക്കറ്റ് റോഡില്‍ നിന്നും മെയിന്റോഡിലേക്കെത്തിയ ജീപ്പ് ടൗണിലെ സംഗമം, വേഷം എന്നീ സ്ഥാപനങ്ങള്‍ക്ക് സമീപത്തുള്ള നോ പാര്‍ക്കിങ് ബോര്‍ഡ് തകര്‍ത്താണ് നിന്നത്. ഇവിടെ നില്‍ക്കുകയായിരുന്നു അന്‍ഷാദ്. മറ്റുള്ളവരൊക്കെ ഓടിമാറിയെങ്കിലും അന്‍ഷാദിന് പെട്ടെന്ന് ഓടിമാറാന്‍ സാധിച്ചില്ല. രാവിലെ എട്ടോടെയാണ് ഏറെ കൗതുകവും ഒപ്പം ഭീതിയും ജനിപ്പിച്ച രംഗങ്ങള്‍ക്ക് കമ്പളക്കാട് മാര്‍ക്കറ്റ് പരിസരം സാക്ഷിയായത്. മാര്‍ക്കറ്റ് റോഡിലെ കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ ജോലിക്ക് ആളുകളെ കൊണ്ടുപോകാനായി നിര്‍ത്തിയതായിരുന്നു കെ.എസ്.ഇ.ബിയുടെ ജീപ്പ്.
വണ്ടി നിര്‍ത്തി ഡ്രൈവര്‍ പുറത്തേക്കിറങ്ങി ഓഫിസിലേക്ക് കയറി നിമിഷങ്ങള്‍ക്കകം അല്‍പം ഉയരത്തിലുള്ള ഓഫിസില്‍ നിന്നും ജീപ്പ് മുന്നോട്ട് നീങ്ങുകയായിരുന്നു. തുടര്‍ന്ന് മാര്‍ക്കറ്റ് റോഡില്‍ 200 മീറ്ററോളം സഞ്ചരിച്ച് കല്‍പ്പറ്റ-മാനന്തവാടി പാത മുറിച്ച് കടന്ന് എതിര്‍വശത്തെ നോപാര്‍ക്കിങ് ബോര്‍ഡിലും അന്‍ഷാദിന്റെ കാലിലും ഇടിച്ച് നില്‍ക്കുകയായിരുന്നു. വണ്ടി നീങ്ങുന്നത് കണ്ട് കെ.എസ്.ഇ.ബി ജീവനക്കാര്‍ പിന്നാലെ ഓടിയെങ്കിലും ജീപ്പിന് സമീപത്തെത്താന്‍ സാധിച്ചില്ല.
രാവിലെ സാധാരണ രീതിയില്‍ മാര്‍ക്കറ്റ് റോഡില്‍ നിരവധി ആളുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇന്നലെ ആളുകള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. 15 മിനിറ്റ് കൂടി കഴിഞ്ഞാണ് അപകടമെങ്കിലും അപകടത്തിന് വ്യാപ്തി കൂടുമായിരുന്നു.
8.30ഓടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം ബസ് കാത്ത് നില്‍ക്കാറുള്ള സ്ഥലത്താണ് ജീപ്പിടിച്ച് നിന്നത്. സംഭമറിഞ്ഞ് കമ്പളക്കാട് പൊലിസെത്തി ജീപ്പ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."