കാടിറങ്ങിയ ശൗര്യത്തെ കൂട്ടിലടക്കാന്‍ കെണിയൊരുക്കി വനംവകുപ്പ്
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ട കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. വടക്കനാട് പളളിവയല്‍ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ അവശനിലയിലായ കടുവയെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
കാടിറങ്ങിയ ശൗര്യത്തെ കൂട്ടിലടക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഒരിടവേളക്ക് ശേഷമാണ് വടക്കനാട് മേഖലയില്‍ വീണ്ടും കടുവാ ഭീതിയുടലെടുത്തത്. ഇന്നലെ രാവിലെ 6.30ഓടെയാണ് വടക്കനാട് പള്ളിവയലില്‍ മണിയുടെ വീടിന് സമീപത്തായി നാട്ടുകാര്‍ കടുവയെ കണ്ടത്. ഉടന്‍ അവര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രദേശത്തെത്തി. അപ്പോഴേക്കും കടുവ പ്രദേശത്തെ വെള്ളക്കെട്ട് പുഷ്പരാജന്റെ കാപ്പിത്തോട്ടത്തിലേക്ക് കയറിയിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ നിരീക്ഷിച്ചു.
ഇതിനിടെ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടെത്തിയ നാട്ടുകാരും വനംവകുപ്പ് ഉദേയാഗസ്ഥരും തമ്മില്‍ ചെറിയ സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. രാവിലെ 11.30ഓടെ കടുവയെ പിടിക്കാനുള്ള വനംവകുപ്പിന്റെ കൂട് പ്രദേശത്തെത്തിച്ചു.
കൂട് കടുവക്ക് 30 മീറ്റര്‍ അകലത്തില്‍ സ്ഥാപിച്ച് ഇരയെയും വെച്ച് വനംവകുപ്പ് അധികൃതര്‍ കാത്തിരിക്കുകയാണ്. ഏകദേശം 14 വയസ്സ് കടുവയ്ക്ക് പ്രായം മതിക്കുന്നതായാണ് വനംവകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. പരുക്കേറ്റിരിക്കാം എന്ന നിഗമനത്തിലുമാണ് വനപാലകര്‍. കടുവ കൂട്ടില്‍ കയറുമെന്ന പ്രതീക്ഷിലാണ് വനപാലകരും നാട്ടുകാരും. കടുവ ഇറങ്ങിയതറിഞ്ഞ് മാനന്തവാടി ഡിവൈ.എസ്.പി അസൈനാറും സ്ഥലെത്തി. സ്ഥലത്ത് പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.
വനത്തില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള കാപ്പിത്തോട്ടത്തിലാണ് കടുവ നിലുറപ്പിച്ചിരിക്കുന്നത്. കടുവ ജനവാസകേന്ദ്രത്തിനോട് ചേര്‍ന്ന് നിലയുറപ്പിച്ചതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്. പരുക്കുകാരണം മയക്ക് വെടിവെച്ച് പിടികൂടാന്‍ കഴിയാത്ത അവസ്ഥയാണന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."