ചാനല്‍ വിലക്ക്; മാധ്യമങ്ങളുടെ നിസ്സംഗ നിലപാടിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയോട് ചില മലയാള അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ സ്വീകരിച്ച നിസംഗ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. അച്ചടി മാധ്യമങ്ങളില്‍ സുപ്രഭാതം, ദേശാഭിമാനി, മാധ്യമം, ജനയുഗം എന്നിവയാണ് മാധ്യമവിലക്ക് ഒന്നാംപേജില്‍ പ്രധാന വാര്‍ത്തയായി നല്‍കിയത്. ചന്ദ്രിക, സിറാജ്, മംഗളം, മെട്രോവാര്‍ത്ത, ദീപിക, വീക്ഷണം തുടങ്ങിയ പത്രങ്ങള്‍ ഒന്നാം പേജില്‍ ഒന്നും രണ്ടും കോളത്തില്‍ വാര്‍ത്ത നല്‍കി. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങള്‍ വാര്‍ത്ത ഉള്‍പേജുകളിലാണ് നല്‍കിയത്. അതേസമയം പ്രധാന ഇംഗ്ലീഷ് പത്രങ്ങളെല്ലാം വാര്‍ത്തക്ക് വേണ്ടത്ര പ്രാധാന്യം നല്‍കി. ദ ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും ഒന്നാം പേജിലും ഉള്‍പ്പേജിലും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ടെലഗ്രാഫും ഒന്നാം പേജിലും വാര്‍ത്ത നല്‍കി. ദൃശ്യമാധ്യമങ്ങളില്‍ അധികവും നിസംഗ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മിക്കതും പ്രധാന്യത്തോടെ തന്നെ വാര്‍ത്ത നല്‍കി.
വെള്ളിയാഴ്ച്ച രാത്രി വിലക്ക് വന്നത് മുതല്‍ നിസംഗ നിലപാട് സ്വീകരിച്ച് നിശബ്ദമായിരുന്ന മറ്റു മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. മാധ്യമങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശനങ്ങള്‍ കമന്റുകളായെത്തി. ഇന്നലെ ഒന്നാംപേജില്‍ പ്രധാന വാര്‍ത്തയാക്കിയ പത്രങ്ങളുടെ കട്ടിങുകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന സംഭവമുണ്ടായിട്ടും യാതൊരു ഐക്യവുമില്ലാതെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രൈം ടൈമിന്റെ സമയത്ത് വെറും ഒരു മണിക്കൂറെങ്കിലും സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ മറ്റു ചാനലുകള്‍ തീരുമാനിച്ചിരുന്നെങ്കില്‍ അത് ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും ഭരണകൂടത്തെ കൊമ്പുകുത്തിക്കുകയും ചെയ്യുമായിരുന്നുവെന്നും ഒന്നിച്ച് നില്‍ക്കലാണ് കരുത്ത് എന്ന പാഠം മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."