വൈക്കം നഗരത്തില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
വൈക്കം: യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ഭീഷണിയുയര്‍ത്തി നഗരത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. ഇന്നലെ രാവിലെ 10.30ന് കച്ചേരിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടയിലെ തൊഴിലാളികളും ഒരുപറ്റം യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി. പതിനഞ്ചു മിനുട്ടോളം ഇവര്‍ കവലയെ മുള്‍മുനയില്‍ നിര്‍ത്തി. ഇതിനിടയില്‍ തടിച്ചുകൂടിയ നാട്ടുകാരാണു സംഘര്‍ഷത്തിന് വിരാമമിട്ടത്.
അതേസമയം, പൊലിസ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ പങ്കാളികളായ പലരും കടന്നുകളഞ്ഞതായി പരാതിയുണ്ട്. ഇന്നലെ സ്റ്റേഷനില്‍ സി.ഐയും എസ്.ഐയും ഇല്ലായിരുന്നു. ഇതെല്ലാം കാരണമാണ് സംഭവസ്ഥലത്തേക്ക് പൊലിസ് എത്താന്‍ വൈകിയത്. ഇവരുടെ ബൈക്കടക്കമുള്ളവ പൊലിസ് പിടിച്ചെടുത്തു.
ഇതിനിടയില്‍ റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനം എടുത്തുമാറ്റാന്‍ വ്യാപാരിയോട് പൊലിസ് നിര്‍ദേശിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സംഘര്‍ഷത്തില്‍ പങ്കാളിയായവരുടെ സ്ഥാപനത്തിലെ തൊഴിലാളികളെയും ഇവരുടെ വാഹനവും പിടികൂടിയാണ് പൊലിസ് മടങ്ങിയത്.
സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. വരുംദിവസങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി കെ. സുഭാഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."