സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 25,550 തീര്‍ഥാടകര്‍
എരുമേലി: മണ്ഡല മകരവിളക്ക് കാലയളവില്‍ എരുമേലിയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തിയത് 25,550 തീര്‍ഥാടകരെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്. സാമൂഹികാരോഗ്യ കേന്ദ്രം, താല്കാലിക ഡിസ്‌പെന്‍സറി, കാളകെട്ടി ഡിസ്‌പെന്‍സറി, മൊബൈല്‍ ക്ലിനിക് എന്നിവിടങ്ങളില്‍ ചികിത്സ തേടിയെത്തിയവരുടെ കണക്കാണിത്. ഇതില്‍ 22,070 പുരുഷന്മാരും 1,812 സ്ത്രീകളും 1,668 കുട്ടികളും ഉള്‍പ്പെടും.
ചുമ, ശ്വാസംമുട്ടല്‍ എന്നീ രോഗങ്ങള്‍ക്കാണു കൂടുതല്‍ ഭക്തജനങ്ങളും ചികിത്സ തേടിയത്. 5,482 പേരാണ് ഇത്തരത്തില്‍ ചികിത്സയ്‌ക്കെത്തിയത്. വയറുവേദന, വായു സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയുമായി 4,114 പേര്‍ ചികിത്സയ്‌ക്കെത്തി. പാമ്പ് കടിയേറ്റ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഒന്ന് മുങ്ങിമരണവും മൂന്നെണ്ണം ഹൃദയാഘാതവുമാണ്.
81 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം മെഡിയ്ക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് റഫര്‍ ചെയ്തതായും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."