മാപ്പിള ജീവിതത്തിന്റെ പൊരുള്‍ തേടിയ ഗവേഷകന്‍
കൊണ്ടോട്ടി: മാപ്പിള ചരിത്രത്തിന്റെ പൊരുള്‍ തേടി കേരളത്തിന്റെ നാട്ടുവഴികളിലൂടെ നഗ്നപാദനായി അലഞ്ഞ ഗവേഷകന്‍ ബാകൃഷ്ണന്‍ വളളിക്കുന്ന് വിടവാങ്ങി. കേരള മുസ്‌ലിം ചരിത്രത്തിന്റെയും കലകളുടെയും ഉള്ളുംപുറവും തൊട്ടറിഞ്ഞ ആ സംസ്‌കാരത്തെ ഹൃദയത്തിലേറ്റിയ ബാലകൃഷ്ണന്‍ വളളിക്കുന്ന് തന്റെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പുതുതലമുറക്ക് കൈമാറിയത് ഒരുപിടി ഈടുറ്റ ചരിത്രശേഷിപ്പുകളാണ്.
അധ്യാപകനായ കാലംതൊട്ടേ ബാലകൃഷ്ണന്‍ വളളിക്കുന്നിന് മുസ്‌ലിം ജീവിതത്തോടും കലകളോടുമായിരുന്നു പിരിഷം. സമകാലികനായിരുന്ന ചരിത്രകാരന്‍ പരേതനായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം മാസ്റ്ററുമായി അടുത്തതോടെ ഈ മോഹത്തിന് ആഴവും പരപ്പും വര്‍ധിച്ചു. പിന്നീട് ഒരുമിച്ചുളള യാത്രകളും ചര്‍ച്ചകളുമായി ജീവിതം ഉഴിഞ്ഞുവെച്ചതോടെ ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്റെ ജീവിതവും മാപ്പിളത്തനിമയില്‍ ഊടുംപാവും ചേര്‍ക്കപ്പെട്ടതായി. അറബി മലയാള സാഹത്യം മലയാള സാഹിത്യത്തോട് ചേര്‍ത്തുവെക്കണമെന്ന് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് തന്റെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും അടിവരയിട്ടുറപ്പിച്ചിരുന്നു. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം മാസ്റ്ററില്‍ നിന്നാണ് വളളിക്കുന്ന് അറബി മലയാളം വശത്താക്കിയത്. കേരളത്തിലെ മുസ്‌ലിം ചരിത്രം, ജീവിതം, മാപ്പിളകലകള്‍ തുടങ്ങിയവയുടെ ഉല്‍പ്പത്തിയെക്കുറിച്ച് നാട്ടുചരിത്രത്തോടൊപ്പം അദ്ദേഹം ഗവേഷണം നടത്തി. മാപ്പിള കലകളിലെ അറേബ്യന്‍ സംസ്‌കാരവും, കേരളീയ സംസ്‌കരത്തിന്റെ കൂടിച്ചേരലും അദ്ദേഹം പഠന വിഷയമാക്കി. കേരളത്തിലെ മുസ്‌ലിം മതപണ്ഡിതന്മാരുമായും സാഹിത്യ സാംസ്‌കാരിക മേഖലയിലുളളവരുമായും എന്നും അടുപ്പം പുലര്‍ത്തിയിരുന്നു. ചെരുപ്പ് പൂര്‍ണമായും ഒഴിവാക്കിയ മാസ്റ്റര്‍ നഗ്നപാദനായാണ് ഏത് ദൂരവും താണ്ടിയിരുന്നത്.
പുതുതലമുറയിലെ അക്കാദമിക് ചരിത്രകാരന്മാര്‍ക്കുപോലും ചരിത്രം പറഞ്ഞുകൊടുത്ത അപൂര്‍വപ്രതിഭയായിരുന്നു വളളിക്കുന്ന്. വായിച്ച് അറിഞ്ഞതും, കണ്ടെത്തിയതും ഓര്‍ത്തെടുത്ത് പറയാനുളള കഴിവായിരുന്നു അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയിരുന്നത്. അതുകൊണ്ട് ചരിത്രം വളച്ചൊടിച്ചവര്‍ക്ക് മുന്‍പില്‍ എന്നും ആ മനുഷ്യന്‍ പരിസരം മറന്ന് പ്രതികരിക്കുമായിരുന്നു. മാപ്പിള സാഹിത്യത്തിന് ജീവിതം സമര്‍പ്പിച്ച ബാലകൃഷ്ണന്‍ വള്ളിക്കുന്ന് 1999ല്‍ മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ സ്മാരകം നിലവില്‍ വന്നതുമുതല്‍ അവിടുത്തെ സ്ഥിരസാന്നിധ്യമായിരുന്നു. വൈദ്യര്‍ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈദ്യരുടെ മലപ്പുറം പടപ്പാട്ട് എന്ന കൃതിക്ക് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് തയാറാക്കിയ പഠനം അക്കാദമി 2016 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.പി.എച്ചിന്റെ ഇസ്‌ലമിക വിജ്ഞാനകോശത്തിന്റെ സഹപത്രാധിപകര്‍ കൂടിയായിരുന്നു.
2019 ലെ മോയീന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം ബാലകൃഷ്ണന്‍ വള്ളിക്കുന്നിനായിരുന്നു. കഴിഞ്ഞ ജനുവരില്‍ പുരസ്‌കാരം വാങ്ങാന്‍ ദേഹാസ്വാസ്ഥ്യം മൂലം മകനായിരുന്നു എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."