പെട്രോള്‍ പമ്പില്‍നിന്ന് 50 ലക്ഷം തട്ടിയ മാനേജര്‍ പിടിയില്‍
പാലാ: രേഖകളില്‍ കൃത്രിമം കാട്ടി പെട്രോള്‍ പമ്പില്‍നിന്ന് അന്‍പതുലക്ഷം തട്ടിയ സംഭവത്തില്‍ മാനേജര്‍ പിടിയില്‍. പാലാ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇല്ലത്ത് ഫ്യുവല്‍സ് മാനേജര്‍ പാലാ പുലിയന്നൂര്‍ കാരിക്കോട് ഇല്ലം ബിജുകുമാര്‍ വര്‍മ(50)യാണു പിടിയിലായത്.
ഒരു വര്‍ഷംമുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പമ്പിന്റെ കലക്ഷന്‍ തുക ബാങ്കില്‍ അടച്ചതായും കൈമാറിയതായും കാണിച്ചു കൃത്രിമരേഖകളുണ്ടാക്കി പലപ്പോഴായി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്. സംഭവം മാനേജ്‌മെന്റ് അറിഞ്ഞതോടെ ഇയാള്‍ മാപ്പുപറഞ്ഞു പണം തിരികെനല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതു സംബന്ധിച്ചു പരസ്പര ധാരണയിലെത്തിയിരുന്നെങ്കിലും കുറച്ചുനാളായി ബിജുകുമാര്‍ പണം നല്‍കാതെ മുങ്ങിനടക്കുകയായിരുന്നു. ഇതിനിടെ കോടതിവഴി മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചതോടെയാണ് മാനേജ്‌മെന്റ് പാലാ പൊലിസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് സൈബര്‍ വിഭാഗവുമായി ചേര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലില്‍ നെടുംകുന്നം ഭാഗത്തുനിന്ന് ഇയാളെ തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു. പാലാ ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫിന്റെ നിര്‍ദേശപ്രകാരം പാലാ സി.ഐ രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള എ.എസ്.ഐ അനില്‍ കുമാര്‍, സിനോയി തോമസ്, സുനില്‍ കുമാര്‍, ഷെറിന്‍, രാജേഷ്, കറുകച്ചാല്‍ സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
ബിജുകുമാര്‍ ജോലിക്കു കയറി മാസങ്ങള്‍ക്കകം ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തത് പെട്രോള്‍ ഉടമകള്‍ കണ്ടെത്തിയിരുന്നു. അന്നു പണം തിരികെ നല്‍കി മാപ്പപേക്ഷിച്ചാണു ജോലിയില്‍ തിരികെ കയറിയത്. ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനുമാണു പണം തട്ടിയതെന്നു പ്രതി പൊലിസിനോട് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ബിജുകുമാറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."