നൊബേല്‍ ജേത്രി അദ യോനാത്ത് അടുത്ത മാസം എം.ജിയില്‍
അതിരമ്പുഴ: രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അദ ഇ. യോനാത്ത് ഫെബ്രുവരി അഞ്ചിനും ആറിനും മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും. ഇസ്റാഈലുകാരിയായ അദയ്ക്ക് 2009ലാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. റൈബോസോമുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് അവര്‍ ഇന്ത്യന്‍ വംശജനായ ബയോളജിസ്റ്റ് വെങ്കട്ടരാമന് രാമകൃഷ്ണനും അമേരിക്കന്‍ ബയോഫിസിസ്റ്റ് തോമസ് സ്റ്റീറ്റ്സിനുമൊപ്പം നൊബേല്‍ സമ്മാനം പങ്കിട്ടത്. എണ്‍പതുകാരിയായ അദ യോനാത്ത് 45-ാം വയസിലാണ് നൊബേല്‍ സമ്മാനം നേടിയത്. പശ്ചിമേഷ്യയില്‍നിന്ന് നൊബേല്‍ സമ്മാനം നേടുന്ന ആദ്യ വനിതയാണ്. ആന്റി ബയോട്ടിക്കുകളുടെ ആറ്റോമിക് ഘടനകള്‍ കോശങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വരുത്തുന്ന സ്വാധീനത്തെക്കുറിച്ചു നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 41 സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ്, പ്രൊഫസര്‍ പദവികള്‍ നല്കി ആദരിച്ചിട്ടുണ്ട് ഇവരെ. ശാസ്ത്രരംഗത്ത് മികച്ച സംഭാവനകള്‍ക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ 2017ലെ സ്വര്‍ണമെഡലടക്കം രാജ്യാന്തരതലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് സര്‍വകലാശാലയില്‍ ജ്ഞാന പ്രഭാഷണം നടത്തും. തുടര്‍ന്നു വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കും. ഫെബ്രുവരി ആറിന് മാധ്യമപ്രവര്‍ത്തകരുമായും സ്കൂള്‍ വിദ്യാര്‍ഥികളുമായും കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."