ഗ്രീക്ക് അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ ക്രൂര പീഡനം, കൊടും തണുപ്പില്‍ വിവസ്ത്രരാക്കി തിരിച്ചയച്ചു
ഏതന്‍സ്: തുര്‍ക്കി അതിര്‍ത്തി വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച സിറിയന്‍, അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് ഗ്രീക്ക് അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ ക്രൂര പീഡനം. അഭയാര്‍ഥികളെ പിടികൂടിയ ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങളില്ലാതെ കൊടുംതണുപ്പില്‍ തിരിച്ചയക്കുകയും ചെയ്തു. തങ്ങളെ നഗ്‌നരാക്കിയ ഉദ്യോഗസ്ഥര്‍ പണവും ബാഗുകളും കവര്‍ന്നെടുത്തതായും അഭയാര്‍ഥികള്‍ പരാതിപ്പെട്ടു.
പ്ലാസ്റ്റിക് ദണ്ഡുകള്‍ ഉപയോഗിച്ചാണ് അഫ്ഗാന്‍ സ്ത്രീകളെ മര്‍ദ്ദിച്ചത്. മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നവരാണ് യൂറോപ്യന്‍ ജനത എന്നാണ് അവകാശപ്പെടുന്നത്. എവിടെയാണ് ഇവരുടെ മനുഷ്യാവകാശം- ഒരു സിറിയന്‍ അഭയാര്‍ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് തണുപ്പില്‍ വലയുന്ന അഭയാര്‍ഥികളുടെ ദൃശ്യം തുര്‍ക്കിയിലെ ടി.ആര്‍.ടി ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ഗ്രീക്ക് സേന മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ ചോരപ്പാടുകള്‍ കാമറയ്ക്കു മുന്നില്‍ കാണിക്കുന്ന യുവാവിന്റെ ചിത്രവും മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ക്കായി കഴിഞ്ഞയാഴ്ച തുര്‍ക്കി അതിര്‍ക്കി തുറന്നുകൊടുത്തിരുന്നു. ഇതിനു പിന്നാലെ യൂറോപ്പിലേക്ക് കടക്കാന്‍ തുര്‍ക്കിയിലെ സിറിയന്‍, അഫ്ഗാന്‍ അഭയാര്‍ഥികള്‍ ഗ്രീക്ക് അതിര്‍ത്തിയിലെത്തിയപ്പോഴായിരുന്നു അധികൃതരുടെ പീഡനം.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്നുള്ള 40 ലക്ഷം അഭയാര്‍ഥികള്‍ തുര്‍ക്കിയിലുണ്ടെന്നാണ് കണക്ക്. തങ്ങള്‍ക്ക് ഇത്രയധികം അഭയാര്‍ഥികളെ താങ്ങാനാവില്ലെന്നും അഭയാര്‍ഥികളെ സ്വീകരിക്കണമെന്നും യൂറോപ്യന്‍ രാജ്യങ്ങളോട് നേരത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരുന്നു. 2016ല്‍ തുര്‍ക്കിയുമായുണ്ടാക്കിയ അഭയാര്‍ഥി കരാറിലെ വ്യവസ്ഥകള്‍ യൂറോപ്യന്‍ യൂനിയന്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."