ഇലവീഴാപൂഞ്ചിറ വനത്തില്‍ ഒളിവില്‍ കഴിഞ്ഞ കമിതാക്കള്‍ പിടിയില്‍
കാഞ്ഞാര്‍: നാട്ടുകാരെയും പൊലിസിനെയും വട്ടംകറക്കിയ കമിതാക്കള്‍ ഒടുവില്‍ പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മേലുകാവ് സ്വദേശിയായ യുവാവ് മൂന്നാഴ്ചയാണ് ഇലവീഴാപൂഞ്ചുറയ്ക്ക് സമീപത്തെ അടൂര്‍മല വനത്തിനുള്ളില്‍ കഴിഞ്ഞത്. ഇരുവരും വനത്തില്‍ കഴിഞ്ഞത് കരിക്ക്, പഴം, മാങ്ങ അടക്കമുള്ള ഫലങ്ങള്‍ ഭക്ഷിച്ചായിരുന്നു.
ഇന്നലെ പുലര്‍ച്ചെ മലയിറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ആറിനാണ് കുമളി സ്വദേശിയായ 17കാരിയുമായി മേലുകാവ് വൈലാറ്റില്‍ ജോര്‍ജ് (അപ്പുക്കുട്ടന്‍-21) കടന്നുകളഞ്ഞത്. പാക്ക് പറിക്കാന്‍ കുമളിയിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു.
മൂന്നാഴ്ചയായിട്ടും ഇരുവരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. യുവാവ് ചിങ്ങവനം, കാഞ്ഞാര്‍ സ്റ്റേഷനുകളിലായി നിരവധി പീഡന കേസുകളില്‍ പ്രതിയാണ്.
കുമളിയില്‍നിന്ന് പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ കുമളി പൊലിസ് കേസെടുത്തിരുന്നു. യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ വനത്തില്‍ ഇരുവരും ഒളിച്ചുകഴിയുന്നതായി മൊബൈല്‍ ലൊക്കേഷന്‍ പ്രകാരം സൂചന ലഭിച്ചു. പിന്നാലെ കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി രാജ്‌മോഹന്റെ മേല്‍നോട്ടത്തില്‍ മുപ്പതിലധികം വരുന്ന പൊലിസ് സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.
മരം കയറാന്‍ വിദഗ്ധനായ യുവാവ് കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവ സമീപത്തെ പുരയിടങ്ങളില്‍നിന്നു കൈക്കലാക്കി ഇവ ഭക്ഷിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ രണ്ട് ചാക്ക് കെട്ടുമായി അടൂര്‍മലയില്‍നിന്ന് കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലിസിന്റെ മുന്നില്‍പ്പെടുകയായിരുന്നു. പൊലിസിനെ കണ്ടയുടനെ രണ്ടുപേരും രണ്ടുവഴിക്ക് ഓടിമറഞ്ഞു.
പെണ്‍കുട്ടി ശരംകുത്തി ഭാഗത്തുള്ള ഒരു വീട്ടില്‍ എത്തി പിറകുവശത്തെ വാതിലില്‍ മുട്ടിവിളിച്ചു കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. തീര്‍ത്തും അവശനിലയിലായിരുന്ന പെണ്‍കുട്ടിക്കു വീട്ടുകാര്‍ ഭക്ഷണം നല്‍കി വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി. പാറയിടുക്കുകളിലും വലിയ മരച്ചുവട്ടിലുമാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നാണു പെണ്‍കുട്ടി സഹായത്തിനായി എത്തിയ വീട്ടുകാരോട് പറഞ്ഞത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ പൊലിസിന് കൈമാറുകയായിരുന്നു.
കുടയത്തൂര്‍ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. കാഞ്ഞാര്‍ സ്റ്റേഷനിലെത്തിച്ച ഇരുവരെയും കുമളി പൊലിസിന് കൈമാറി. കുമളിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഹൈക്കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കട്ടപ്പനയിലെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. വെള്ളിയാഴ്ച ചൈല്‍ഡ്‌ലൈന് കുട്ടിയെ കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."