പക്ഷിപ്പനി: 13,000 കോഴികളെ ഇന്ന് കൊല്ലും
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു പക്ഷികളെ നശിപ്പിക്കും. ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, കോഴിക്കോട് കോര്‍പറേഷനിലെ വേങ്ങേരി എന്നിവിടങ്ങളിലാണ് പക്ഷിപനി സ്ഥിരീകരിച്ചിരിക്കുന്നത്. കൊടിയത്തൂരിലെ ഒരു നഴ്സറിയിലെ കോഴികള്‍ക്കും വേങ്ങേരിയിലെ ഒരു വീട്ടില്‍ വളര്‍ത്തിയ കോഴികള്ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിതപ്രദേശമായി പ്രഖ്യാപിച്ചു.
രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനു പുറത്തു ഒന്‍പത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം സൂക്ഷ്മ നിരീക്ഷണ പ്രദേശമായി രേഖപ്പെടുത്തുകയും പക്ഷികളുടെ കണക്കുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച മേഖലയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ വളര്‍ത്തു പക്ഷികളെയും കൊല്ലാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പറേഷനില്‍ 3524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനം.
രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ദേശീയ മാര്‍ഗരേഖ പ്രകാരം ഇന്നു രാവിലെ മുതല്‍ കോഴികളെയും മറ്റ് വളര്‍ത്തുപക്ഷികളെയും കൊന്നു മറവുചെയ്യും. കോഴിക്കൂടുകള്‍ ഉള്‍പ്പെടെയുള്ളവ കത്തിക്കും. രോഗബാധിത പ്രദേശത്തെ ഫാമുകളും കോഴിക്കടകളും അടച്ചിടാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ മന്ത്രി കെ.രാജു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."