ഹോമിയോപ്പതി വകുപ്പിന്റെ 'ശ്രദ്ധ' പദ്ധതിക്ക് ഇന്നു തുടക്കമാകും
ആലപ്പുഴ: ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്ത്രീ സാന്ത്വന ചികിത്സാപദ്ധതിയായ സീതാലയത്തിന്റെ ഭാഗമായി ഇന്ന് വനിതാ ദിനാഘോഷം സംഘടിപ്പിക്കും. കുട്ടികളുടെ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കുന്ന 'ശ്രദ്ധ' പദ്ധതിക്കു തുടക്കം കുറിച്ചാണു വനിതാദിനം ആഘോഷിക്കുന്നത്. ഉദ്ഘാടനം രാവിലെ 10.30ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കും.
കൗമാരകാലഘട്ടത്തില്‍ നേരിടുന്ന ശാരീരിക മാനസിക ചൂഷണങ്ങളെ പലപ്പോഴും ക്രിയാത്മകമായി നേരിടാന്‍ തക്ക അനുഭവ പരിചയം കുട്ടികള്‍ക്ക് ഇല്ല. ശരിയായ മാര്‍ഗനിര്‍ദേശത്തിന്റെ അഭാവത്തില്‍ അപകടകരമായ സ്വഭാവരീതികളിലേക്ക് വഴുതി വീണു പോകുന്നത് തടയുകയാണു ലക്ഷ്യം. ജില്ലാ സീതാലയത്തിന്റെ ആഭിമുഖ്യത്തില്‍ പൊലിസ്, നിയമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സ്‌കൂള്‍തലത്തില്‍ എന്‍.എസ്.എസ്, എന്‍.സി.സി പൊലിസ് കേഡറ്റ്‌സ് തുടങ്ങിയ വോളന്റിയര്‍മാരെ തെരഞ്ഞെടുത്ത് ഹൈസ്‌കൂള്‍ തലങ്ങളിലെ കുട്ടികളുടെ സംരക്ഷണാര്‍ഥമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഓരോ ക്ലാസിലെയും കുട്ടികള്‍ക്കായി തയാറാക്കി നല്‍കുന്ന ചോദ്യാവലിയിലൂടെയും വോളന്റിയര്‍മാരുടെ വ്യക്തിഗത നിരീക്ഷണത്തിലും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ കണ്ടുപിടിച്ച് മാതാപിതാക്കളുടെ സഹകരണത്തോടെ സീതാലയം മുഖേന കൗണ്‍സിലിങ്, സൗജന്യചികിത്സ, നിയമസഹായം എന്നിവ നല്‍കി കുട്ടികളെ സുരക്ഷിതരാക്കുകയാണു ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."