മഴയും കൊവിഡ് ഭീതിയും; ദുരിതപ്പെരുമഴയായി വംശഹത്യാ അഭയാര്‍ഥികളുടെ ജീവിതം
ന്യൂഡല്‍ഹി: മഴയും കൊവിഡ് ഭീതിയും ഒന്നിച്ചുവന്നതോടെ ദുരിതത്തിലായി റിലീഫ് ക്യാംപുകളില്‍ കഴിയുന്ന ഡല്‍ഹി കലാപത്തിലെ ഇരകള്‍. മുസ്തഫാബാദിലെ അല്‍ഹിന്ദ് ആശുപത്രി, ഈദ്ഗാഹ്, ചമന്‍പാര്‍ക്ക്, ഖജൗരി ഖാസ് എന്നിവിടങ്ങളിലാണ് പ്രധാനമായും റിലീഫ് ക്യാംപുകളുള്ളത്. ഇതില്‍ തുറന്ന മൈതാനത്ത് ടെന്റ് കെട്ടിയാണ് ഈദ്ഗാഹ് റിലീഫ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് ഏറ്റവും വലിയ ദുരിതം. കലാപത്തിന്റെ ഇരകള്‍ക്കായുള്ള ഏറ്റവും വലിയ റിലീഫ് ക്യാംപാണ് ഈദ്ഗാഹ്. 1500 പേരാണ് ഇവിടെയുള്ളത്.
ഡല്‍ഹിയില്‍ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ടെന്റുകള്‍ ചോരുകയും നിലത്ത് വിരിച്ച കാര്‍പ്പറ്റുകള്‍ നനഞ്ഞ് കുതിരുകയും ചെയ്തതോടെ ഇരകള്‍ ദുരിതത്തിലാവുകയായിരുന്നു. ഈ കാര്‍പ്പറ്റിലാണ് അവര്‍ രാത്രി ഉറങ്ങാറ്. മഴ ശക്തമായ വ്യാഴാഴ്ച രാത്രി മുഴുവന്‍ ഉറങ്ങാതെയിരിക്കേണ്ടി വന്നുവെന്നു ഇരകളില്‍ ചിലര്‍ പറഞ്ഞു.
പിറ്റേ ദിവസം വോളണ്ടിയര്‍മാരെത്തിയാണ് ക്യാംപുകള്‍ വീണ്ടും സജ്ജീകരിച്ചത്. വീണ്ടും മഴ പെയ്തതോടെ ക്യാംപില്‍ പ്രയാസങ്ങള്‍ വീണ്ടും തുടങ്ങി. മഴ വന്നതോടെ ഡല്‍ഹിയില്‍ തണുപ്പും തിരിച്ചെത്തി.
മഴയില്‍ അഴുക്കുചാലുകള്‍ നിറഞ്ഞു പൊങ്ങിയതോടെ പകര്‍ച്ച വ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
കൊവിഡ് ബാധ തടയാന്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അഭയാര്‍ഥികള്‍ ഇടതിങ്ങി താമസിക്കുന്ന നിലയിലാണ് ഭൂരിഭാഗം ക്യാംപുകളും. അല്‍ഹിന്ദ് ആശുപത്രിയിലെ ക്യാംപില്‍ 200ലധികം പേരുണ്ട്. ശിവ് വിഹാറില്‍ നിന്ന് ഓടിപ്പോന്നവര്‍ താമസിക്കുന്ന ചമന്‍പാര്‍ക്കിലെ മദ്‌റസയാണ് റിലീഫ് ക്യാംപാക്കി മാറ്റിയത്. ഇവിടെ 50 പുരുഷന്‍മാര്‍ മാത്രമാണ് ബാക്കിയുള്ളത്. മുറികളില്‍ ഇടതിങ്ങി താമസിക്കുന്ന സാഹചര്യം ഇവിടെയുമുണ്ട്.
എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോന്നവരാണ് ക്യാംപുകളിലുള്ളത്. മഴയില്‍ നനയുന്ന വസ്ത്രങ്ങള്‍ മാറാനോ തണുപ്പിനെ പ്രതിരോധിക്കാന്‍ മതിയായ കമ്പിളികളോ ഇല്ലെന്നും അഭയാര്‍ഥികള്‍ പറയുന്നു. ഖജൂരിഖാസിലെ റിലീഫ് ക്യാംപുകളില്‍ കഴിയുന്നവര്‍ ഭൂരിഭാഗവും കഴിഞ്ഞ ദിവസത്തോടെ തിരിച്ചുപോയെങ്കിലും ക്യാംപ് പൂര്‍ണമായും പൂട്ടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."