ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് കലമുടക്കല്‍ സമരം നടത്തി
തൃശൂര്‍: വില വര്‍ധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തൃശൂര്‍ നഗരത്തില്‍ കലമുടക്കല്‍ സമരം നടത്തി. മലയാളിയുടെ അന്നം മുട്ടിക്കുന്ന രീതിയില്‍ അരി വില ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ വേറിട്ട പ്രതിഷേധ സമരം അരങ്ങേറിയത്. എല്ലാം ശരിയാക്കുമെന്നും അഞ്ച് വര്‍ഷം വിലക്കയറ്റമുണ്ടാകില്ലെന്നും പറഞ്ഞ ഇടതുപക്ഷം ഭരിക്കുമ്പോള്‍ അരി വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് കേരളത്തിലെ സാധാരണക്കാര്‍ക്കെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുല്‍ കരീം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുന്ന പിണറായി സര്‍ക്കാര്‍ സാധാരണക്കാരന് ഭാരമായി തീര്‍ന്നിരിക്കയാണ്.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഒരു രൂപക്ക് സാധാരണക്കാരന് അരികിട്ടിയിരുന്നെങ്കില്‍ ഇന്ന് അമ്പത് രൂപകൊടുക്കേണ്ട അവസ്ഥയാണ്. ഒരു വര്‍ഷം മാത്രം പിന്നിട്ട പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ എത്ര വിലകൂട്ടുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. സ്വകാര്യ വിപണിയെ നിയന്ത്രിക്കുന്നതിനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കേ ഗോപുര നടയില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ പരിസരത്തു വച്ച് കലം ഉടച്ചു. ജില്ല പ്രസിഡന്റ് കെ.കെ അഫ്‌സല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറിമാരായ പി.കെ ഷാഹുല്‍ ഹമീദ്, എം.എ റഷീദ്, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ പി.എം മുസ്തഫ, ആര്‍.എം മനാഫ്, നൗഷാദ് തെരുവത്ത്, അഷ്‌ക്കര്‍ കുഴിങ്ങര, ഇ.ബി നിയാസ്, ആര്‍.കെ സിയാദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."