റേഷന്‍ കട നടത്തിപ്പ്; സംവരണ വ്യവസ്ഥ അട്ടിമറിക്കുന്നതായി ആക്ഷേപം
കാക്കനാട്: സംവരണ വ്യവസ്ഥതകള്‍ പാലിക്കാതെ റേഷന്‍ കടകള്‍ അനര്‍ഹര്‍ക്ക് അനുവദിക്കുന്നതായി പരാതി.ആകെയുള്ള റേഷന്‍ കടകളുടെ 10 ശതമാനം പട്ടിക വിഭാഗക്കാര്‍ക്കും 20 ശതമാനം വനിതകള്‍ക്കും അഞ്ച് ശതമാനം അംഗപരിമിതര്‍ക്കും നല്‍കണമെന്ന നിലവിലെ വ്യവസ്ഥയാണ് അട്ടിമറിക്കപ്പെടുന്നത്.സംസ്ഥാനത്ത് 14,435 റേഷന്‍ കടകളാണുള്ളത്. പല കാരണങ്ങളാല്‍ റദ്ദാക്കുകയോ കടകള്‍ നടത്തി കൊണ്ടുപോകാന്‍ ഉടമസ്ഥര്‍ തന്നെ വേണ്ടെന്നു വയ്ക്കുകയോ ചെയ്ത റേഷന്‍ കടകള്‍ സംവരണ തത്വം പാലിക്കാത്തവര്‍ക്കു നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം.
താലൂക്ക് സപ്ലൈ ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സപ്ലൈ ഓഫിസറാണ് റേഷന്‍ കടകള്‍ അനുവദിക്കുന്നത്. പൊതു വിഭാഗത്തിനു 3,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ്, 50,000 രൂപയുടെ സോള്‍വന്‍സി, 5,000 രൂപയുടെ ബാങ്ക് ഗ്യാരന്റി എന്നിവ വാങ്ങിയാണ് റേഷന്‍ കടകള്‍ അനുവദിക്കുന്നത്. പട്ടിക വിഭാഗക്കാര്‍ക്ക് 1,500 രൂപയുടെ സെക്യൂരിറ്റിയും 15,000 രൂപയുടെ സോള്‍വന്‍സിയുമാണ് നല്‍കേണ്ടത്. കേരള റേഷന്‍ ഉത്തരവ് പ്രകാരം ഒരാളുടെ പേരിലുള്ള റേഷന്‍ കട മരിച്ചവരുടെയോ മാരക രോഗം ബാധിച്ചു കട നടത്താന്‍ കഴിയാത്തവരുടെ ഭാര്യയുടെ മക്കളുടെ പേരിലോ പിന്തുടര്‍ച്ചാവകാശ പ്രകാരം കടകള്‍ നല്‍കാം.
സംവരണ വിഭാഗത്തിനു ഒരു കട ഒഴിവു വന്നാല്‍ ആ വിഭാഗത്തിനു നല്‍കണം. ഒഴിവ് പരസ്യം നല്‍കിയതിനു ശേഷം സംവരണ വിഭാഗത്തില്‍ ആരുമില്ലെങ്കില്‍ മാത്രമേ പൊതു വിഭാഗത്തിനു നല്‍കാവൂ. 45 ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന കട ഉടമകള്‍ക്കു കമ്മിഷന്‍ പെയ്‌മെന്റായി 18,000 രൂപയും സപ്പോര്‍ട്ടിങ് ഫീയായി ഓരോ ക്വിന്റലിനു 1,300 രൂപയും സര്‍ക്കാര്‍ നല്‍കും. ഇതില്‍ താഴെ വിനിമയം നടത്തുന്നവര്‍ക്കു 8,500 രൂപയും സപോര്‍ട്ടിങ് ഫീയായി 220 രൂപയും നല്‍കും. എറണാകുളം ജില്ലയില്‍ 1,341 റേഷന്‍ കടകളാണുള്ളത്.
കൊച്ചി സി.ആര്‍.ഒ 87, കൊച്ചി ടൗണ്‍ 114, കണയന്നൂര്‍ 167, കൊച്ചി താലൂക്ക് 90, ആലുവ 216, പറവൂര്‍ 149, കുന്നത്തുനാട് 234, കോതമംഗലം 122, മൂവാറ്റുപുഴ 163 എന്നിങ്ങനെയാണ് റേഷന്‍ കടകള്‍. ജില്ലയില്‍ പല കാരണങ്ങളാല്‍ 158 റേഷന്‍ കടകള്‍ നിര്‍ത്തലായിക്കിയിട്ടുണ്ട്. ആലുവ 20, കണയന്നൂര്‍ 24, സിആര്‍ഒ കൊച്ചി 26, കൊച്ചി താലൂക്ക് 14, കോതമംഗലം 12, മൂവാറ്റുപുഴ 8, എറണാകുളം സിആര്‍ഒ 20, പറവൂര്‍ 17, കുന്നത്തുനാട് 17 എന്നിവയാണ് നിര്‍ത്തലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."