സാന്ത്വനപരിചരണ രംഗത്തെ രണ്ട് പതിറ്റാണ്ട്; വാര്‍ധക്യത്തിലും കിതയ്ക്കാതെ ആരിഫയും സൈനബയും
കൊച്ചി: ഇന്ന് ലോക വനിതാദിനം. ജോലിസ്ഥലത്തെ സൗകര്യങ്ങളും വേതനവും ജീവിതസാഹചര്യവും ഒക്കെ പോരാട്ടത്തിലൂടെ നേടിയ വനിതകളുടെ ഓര്‍മപ്പെടുത്തല്‍ ദിനം. ഇതിനുചുവടുപിടിച്ച് ലോകമെമ്പാടും സ്ത്രീകള്‍ക്കായി വ്യത്യസ്ത സെമിനാറുകളും കലാപരിപാടികളും മത്സരങ്ങളുമൊക്കെ അരങ്ങേറുമ്പോള്‍ ഇതിലൊന്നും ഭാഗവാക്കാകാന്‍ സമയമില്ലാതെ സാന്ത്വന പരിചരണരംഗത്ത് കരുതലിന്റെയും കാവലിന്റെയും സ്‌നേഹമുദ്ര പതിപ്പിക്കുകയാണ് 69കാരിയായ സൈനബയും 66കാരിയായ ആരിഫയും.
പുഴുഅരിച്ച ജീവിതങ്ങള്‍ക്ക് ആശ്വാസമായി, ഉറുമ്പുതിന്നതിനുശേഷമുള്ള ജീവിതങ്ങള്‍ പരിചരിച്ച്, മോര്‍ച്ചറിയിലെ ജീവനറ്റശരീരങ്ങള്‍ കഴുകി വൃത്തിയാക്കി ഇവര്‍ മുന്നേറുമ്പോള്‍ സാമൂഹ്യപ്രവര്‍ത്തന രംഗത്തെ സ്ത്രീമുന്നേറ്റംകൂടിയായി അത് മാറുകയാണ്. ആലുവ തായ്ക്കാട്ടുകരയില്‍ കാഞ്ഞിരത്തിങ്കല്‍ ഹൗസില്‍ സൈനബയയ്ക്കും ദാറുസ്സലാം മനക്കപ്പറമ്പില്‍ വീട്ടില്‍ ആരിഫയ്ക്കും സാന്ത്വന പരിചരണരംഗത്തെ ഇരുപതാമത്തെ വര്‍ഷമാണിത്.
ഒരു കിലോമീറ്റര്‍ ദൂരത്തില്‍ താമസിക്കുന്ന ഇരുവരും വിവിധ സന്നദ്ധ സംഘടനകള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ സെന്ററുകളിലെ അംഗങ്ങള്‍കൂടിയാണ്. ജീവിതത്തില്‍ തങ്ങള്‍ അനുഭവിച്ച കഷ്ടതകളും ദുരിതവുമാണ് തങ്ങളെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് മൂന്നുവീടുകളിലെങ്കിലും ഇവര്‍ സാന്ത്വനവുമായി എത്തും. ചികിത്സിച്ചുഭേദമാകാത്ത രോഗങ്ങളുമായി മരണത്തോടുമല്ലിടുന്നവരുടെ അടുത്തേക്കായിരിക്കും പലപ്പോഴും ഇവര്‍ എത്തുക. ഇവരുടെ മുറിവുകള്‍ കഴുകി വൃത്തിയാക്കുന്നതും ഭക്ഷണം കൊടുക്കുന്നതും വേദനസംഹാരികള്‍ നല്‍കുന്നതുമൊക്കെ ഇരുവരും ചേര്‍ന്നായിരിക്കും.
ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ സംഘത്തോടൊപ്പം പോകുന്ന ഇവര്‍ക്കൊപ്പം ഒരു നഴ്‌സുമുണ്ടാകും. എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജനറല്‍ ആശുപത്രി,കളമശ്ശേരി മെഡിക്കല്‍ കോളജ്, ആലപ്പുഴ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലൊക്കെ ഇവര്‍ സേവനവുമായി എത്താറുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കഴുകി വൃത്തിയാക്കുക. അര്‍ബുദരോഗികളെ പരിചരിക്കുക, മരുന്നിന് പണമില്ലാത്തവര്‍ക്ക് അത് സുമനസുകളില്‍ നിന്ന് എത്തിച്ചുനല്‍കുക, ചോറുപൊതികള്‍ പല വീടുകളില്‍ നിന്ന് സംഭരിച്ച് രോഗികള്‍ക്ക് എത്തിക്കുക തുടങ്ങിയവയും ഇവര്‍ ചെയ്തുവരുന്നു. ഇതിനോടകം മുന്നൂറോളം മൃതദേഹങ്ങള്‍ ഇവര്‍ അവസാനമായി ഒരുക്കിവിട്ടിട്ടുണ്ട്. ജാതിയും മതവുമൊന്നും നോക്കാതെയാണ് തങ്ങള്‍ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ നിന്ന് വൃത്തിയാക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. അജ്ഞാത മതൃദേഹങ്ങള്‍, ട്രെയിനുമുന്നില്‍ചാടി മരിച്ചവരുടെ മൃതദേഹങ്ങള്‍,പൊള്ളലേറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. ബന്ധുക്കളുണ്ടെങ്കിലും പലരും അറച്ചുനില്‍ക്കുമ്പോള്‍ തങ്ങള്‍ നല്ലമനസ്സോടെയാണ് ഈ ദൗത്യം ഏറ്റെടുക്കുന്നതെന്ന് ഇവര്‍ പറയുന്നു.
ആലുവ തുരുത്തില്‍ ട്രെയിനുമുന്നില്‍ ചാടി മരിച്ച സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം ഇന്നും ചങ്കിടിപ്പിക്കുന്ന കാഴ്ചയാണെന്ന് സൈനബ പറഞ്ഞു. കുഞ്ഞിനെ കൈയില്‍ ചുറ്റിപ്പിടിച്ച രീതിയിലായിരുന്നു സ്ത്രീയെന്നും സൈനബ പറഞ്ഞു.പലപ്പോഴും കഴുകാന്‍ പറ്റാത്ത തരത്തിലായിരിക്കും അഴുകിയ മൃതദേഹങ്ങളെന്നും ഇവ പ്ലാസ്റ്റിക്കുകവറിലാക്കുകയാണ് ചെയ്യുന്നതെന്ന് ആരിഫയും പറഞ്ഞു.രോഗീ പരിചരണത്തിന് വീടുകളില്‍ പോകുമ്പോള്‍ കാന്‍സര്‍ ബാധിച്ച് പുഴുവരിച്ച നിരവധി പേരെ ഇവര്‍ വൃത്തിയാക്കിയിട്ടുണ്ട്. മാനസിക നിലതെറ്റിയ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഉറുമ്പരിച്ച് നശിപ്പിച്ചതിനുശേഷം തുടച്ചുവൃത്തിയാക്കിയ അനുഭവവും ഇരുവരും വേദനയോടെ ഓര്‍ത്തു.എഴുപതോടടുക്കുമ്പോഴും ഇവര്‍ കിതയ്ക്കുന്നില്ല,ദൈവം ആയുസും ആരോഗ്യവും തന്നാല്‍ ഇനിയും ഈ രംഗത്ത് തുടരുമെന്ന് പറഞ്ഞ് നിര്‍ത്തുമ്പോള്‍ ഇരുവരുടെയും മുഖത്ത് നിറഞ്ഞസംതൃപ്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."