വായനവാരം പരിപാടികള്‍: ജില്ലാതല ഉദ്ഘാടനം വാഴക്കാട്ട്
മലപ്പുറം: വായനവാരത്തിന്റെ ജില്ലാതല പരിപാടികള്‍ 20 മുതല്‍ 24 വരെ നടക്കും. കാഴ്ചപരിമിതര്‍, ജയില്‍ നിവാസികള്‍, സാക്ഷരതാ പഠിതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ ഭരണ കാര്യാലയം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത്, സാക്ഷരതാ മിഷന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ സംയുക്തമായാണ് വിവിധ പരിപാടികള്‍ നടത്തുന്നത്. പരിപാടി 20ന് രാവിലെ 10.30ന് വാഴക്കാട് പഞ്ചായത്ത് ഹാളില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി എന്നിവര്‍ പങ്കെടുക്കും. പി. സുരേന്ദ്രന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
21ന് രാവിലെ 10.30 മുതല്‍ 12.30വരെ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി അറ്റ് സ്‌കൂള്‍ ഹാളില്‍ ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂള്‍ ലൈബ്രേറിയര്‍മാര്‍ക്കായി ശില്‍പശാല നടത്തും. 23ന് കാഴ്ചപരിമിതിയുള്ള അധ്യാപകര്‍ക്കായി പരിശീലനം, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ - ഉപന്യാസ മത്സരങ്ങള്‍ എന്നിവ നടത്തും. 24ന് രാവിലെ പത്തിന് ജില്ലയിലെ ജയിലുകളില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതിന്റെ ഭാഗമായുള്ള ആദ്യ പരിപാടി മഞ്ചേരി സബ് ജയിലില്‍ നടത്തും.
ജില്ലയിലെ എല്ലാ വിദ്യാകേന്ദ്രങ്ങളിലും ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ജില്ലയിലെ 7000 പത്താതരം തുല്യതാ പഠിതാക്കള്‍ക്കും 3000 ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കുമായി വായനാനുഭവക്കുറിപ്പ് മല്‍സരം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."