മദ്‌റസാധ്യാപക ക്ഷേമനിധി: അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം
കണ്ണൂര്‍: മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംസ്ഥാന തല അംഗത്വ ക്യാംപയിന്റെ ഭാഗമായി ചേര്‍ന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സംഘടനാ ഭാരവാഹികളുടെ നേതൃയോഗം നിര്‍ദേശം നല്‍കി. കേരളത്തിലെ മുഴുവന്‍ മദ്‌റസാധ്യാപകരെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ആവശ്യപ്പെട്ടു.
നിലവില്‍ 20 മുതല്‍ 65 വയസുവരെയുള്ളവര്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാവാന്‍ സാധിക്കും. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ 55 വയസുവരെയുള്ളവര്‍ക്ക് മാത്രമേ അംഗത്വം ലഭിക്കൂ. അതിനാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് തന്നെ 55നും 65നും ഇടയില്‍ പ്രായമുള്ള മുഴുവനാളുകളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. മദ്‌റസാധ്യാപകര്‍ എന്നത് അധ്യാപനം നടത്തുന്ന ക്ലാസിന്റെ ഭേദമില്ലാതെ മതാധ്യാപനം നടത്തുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ളതാണെന്ന് ക്ഷേമനിധി മാനേജര്‍ പി.എം ഹമീദ് യോഗത്തെ അറിയിച്ചു.
വീട് നിര്‍മിക്കുന്നതിന് 2.5 ലക്ഷം രൂപ പലിശ രഹിത വായ്പയാണ് ക്ഷേമനിധി വഴി വിതരണം ചെയ്യുന്നത്. എല്ലാ ജില്ലകളിലും യോഗങ്ങള്‍ ചേര്‍ന്നതിനു ശേഷം ലഭിക്കുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് അധ്യക്ഷനായ ചെയര്‍മാന്‍ എം.പി അബ്ദുല്‍ഗഫൂര്‍ പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ ഹാജി പി.കെ മുഹമ്മദ്, സിദ്ദീഖ് മൗലവി അയിലക്കാട്, ഒ.പി.ഐ കോയ, ഒ.ഒ ഷംസു, മദ്‌റസാധ്യാപക സംഘടന പ്രതിനിധികള്‍, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."