നിശബ്ദ അടിയന്തിരാവസ്ഥയിലെ മാധ്യമവേട്ട
1975ലെ അടിയന്തിരാവസ്ഥാ കാലം. പത്രമാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയായിരുന്നു അന്ന് ആദ്യം ചെയ്തത്. ആ രണ്ടു വര്‍ഷങ്ങള്‍ മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ട് രാജ്യത്തെങ്ങും ഒരു ഇരുട്ടറയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയായിരുന്നു. അന്ന് ഇന്ത്യയില്‍ ടെലിവിഷന്‍ വന്നിട്ടില്ല. അച്ചടി പത്രങ്ങളും ആകാശവാണിയും മാത്രമായിരുന്നു വാര്‍ത്തകള്‍ അറിയാനായി ജനങ്ങള്‍ക്കു ലഭ്യമായിരുന്നത്. ആകാശവാണി കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായതിനാല്‍ എന്നും രാവിലെ വീടുകളില്‍ എത്തിച്ചേരുന്ന അച്ചടി മാധ്യമങ്ങള്‍ മാത്രമായിരുന്നു ജനങ്ങള്‍ക്ക് ഒരേയൊരു ആശ്രയം.
അത് അമ്പേ നിലച്ചുപോയത് 1975 ജൂണ്‍ 26നു രാവിലെയാണ്. തലേന്ന് രാത്രിയാണ് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. രായ്ക്കുരാമാനം ഉത്തരവുകള്‍ പാറിപ്പറന്നു. ആസേതുഹിമാചലം നേതാക്കന്മാര്‍ അറസ്റ്റിലായി. പിറ്റേന്ന് പത്രങ്ങള്‍ വന്നപ്പോള്‍ അവയാകെ മാറിയിരുന്നു. ഒരു ദിവസം മുന്‍പ് വരെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച പത്രങ്ങള്‍ പിന്നെ വന്നത് ഇന്ദിരാ ഗാന്ധിയുടെ സ്തുതിഗീതങ്ങളുമായാണ്. 'നാവടക്കൂ, പണിയെടുക്കൂ' തുടങ്ങിയ ഇന്ദിരയുടെ പ്രഖ്യാപനങ്ങളും ഇരുപതിന പരിപാടിയുടെ മാഹാത്മ്യങ്ങളും കുട്ടികള്‍ രണ്ടുകവിഞ്ഞാല്‍ കുടുംബങ്ങളെ ആട്ടിപ്പായിക്കണം തുടങ്ങിയ സഞ്ജയ് ഗാന്ധി ഉദീരണങ്ങളും വഹിച്ചുകൊണ്ടാണ് അവ പിന്നീട് പുറത്തുവന്നത്. ഒരുനാള്‍ മുന്‍പു വരെ സിംഹഗര്‍ജനം മുഴക്കിയ പത്രാധിപ കേസരികള്‍ പിന്നെ പ്രത്യക്ഷപ്പെട്ടത് സഞ്ജയിന്റെ മുന്നില്‍ ആട്ടിന്‍കുട്ടികളെപ്പോലെ പെരുമാറുന്ന മഹാസാധുക്കളായാണ്. പത്രങ്ങളുടെ ഉടമകളായ കുത്തക മുതലാളിമാരും ബാങ്കുടമകളും മറ്റു പ്രമാണിമാരുമാകട്ടെ, സര്‍ക്കാരിനെ പാടിപ്പുകഴ്ത്താന്‍ മത്സരിച്ചു രംഗത്തിറങ്ങി. സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളാകാന്‍ വിസമ്മതിച്ച അപൂര്‍വം ചില പത്രാധിപന്മാര്‍ അന്നും നാട്ടിലുണ്ടായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിലെ കുല്‍ദീപ് നയ്യാരും ഹിന്ദുസ്ഥാന്‍ ടൈംസിലെ ബി.ജി വര്‍ഗീസും മെയ്ന്‍സ്ട്രീമിലെ നിഖില്‍ ചക്രവര്‍ത്തിയും ഒക്കെ അങ്ങനെ ചെറുത്തുനിന്നവരാണ്. കുല്‍ദീപ് നയ്യാര്‍ തിഹാര്‍ ജയിലിലായി. ബി.ജി വര്‍ഗീസിന്റെ പണി പോയി. നിഖില്‍ ചക്രവര്‍ത്തി സ്വന്തം വാരികയുടെ അച്ചടി നിര്‍ത്തി.
അതൊക്കെ കഴിഞ്ഞിട്ടിപ്പോള്‍ നാലര പതിറ്റാണ്ടാകുന്നു. ഇക്കാലത്തിനിടയില്‍ രാജ്യത്തു സര്‍ക്കാരുകള്‍ പലതും മാറിവന്നു. പ്രതിസന്ധികളും പ്രശ്‌നങ്ങളും പലതും വന്നു, പോയി. ഇപ്പോള്‍ ഇതാ ആ കാലത്തെ ഓര്‍മിപ്പിക്കുകയാണു മോദി സര്‍ക്കാര്‍. വാര്‍ത്താവിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് അക്കാലത്തെ വി.സി ശുക്ലയെ കടത്തിവെട്ടുകയാണ്. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ പുരോഗതിയില്ലെന്ന് ആരാണ് പറഞ്ഞത് ജനകീയ അവകാശങ്ങളും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും തൊഴിലവകാശങ്ങളും ഒക്കെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തിയാണ് അഞ്ചു വര്‍ഷമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ഗ്രാമീണ ജീവിതത്തിന്റെ ആണിക്കല്ലായ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ സര്‍ക്കാര്‍ അട്ടിമറിച്ചു കഴിഞ്ഞു. ഇന്നു കര്‍ഷക ആത്മഹത്യകള്‍ ആര്‍ക്കും വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. കാരണം, അതൊരു നിത്യസംഭവമാണ്. തൊഴിലില്ലായ്മ ഇന്ന് ഒരാളെയും അലട്ടുന്നില്ല. കാരണം, തൊഴില്‍ എന്നത് സര്‍ക്കാരിന്റെ കൂലിത്തല്ലുകാര്‍ക്കു മാത്രം സംവരണം ചെയ്യപ്പെട്ട പ്രത്യേകാവകാശമായി മാറിയിരിക്കുന്നു. അതൊന്നും ഒരു മാധ്യമവും കണക്കിലെടുക്കുന്നില്ല എന്നതും സത്യം.
ഇന്ത്യയിലെ മാധ്യമങ്ങളെപ്പറ്റി ഇങ്ങനെ പലതും ആരോപണമായി ഉന്നയിക്കാനുണ്ടാവും. ജനകീയ വിഷയങ്ങളില്‍ അവര്‍ കാര്യമായ ശ്രദ്ധ നല്‍കുന്നില്ല എന്നതും പല മാധ്യമങ്ങളും സംഘ്പരിവാര കുഴലൂത്തുകാര്‍ മാത്രമാണ് എന്നതും കറകളഞ്ഞ വസ്തുതയാണ്. എന്നിരുന്നാലും മാധ്യമങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഇടയിലെ ഒരു പാലമാണ്. ചുറ്റിലും എന്തു സംഭവിക്കുന്നുവെന്ന് ജനങ്ങളും രാജ്യത്തെ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് സര്‍ക്കാരും അറിയുന്നത് മാധ്യമങ്ങള്‍ എന്ന കണ്ണാടിയിലൂടെ തന്നെയാണ്.
ഇപ്പോള്‍ ആ കണ്ണാടി അടിച്ചുടക്കാന്‍ തന്നെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറായിരിക്കുന്നത്. 'കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാര്‍' എന്നാണ് എഴുത്തച്ഛന്‍ പണ്ടേ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് മുഖംമിനുക്കാന്‍ നോക്കുന്നതിനു പകരം കണ്ണാടി തല്ലിപ്പൊട്ടിക്കുന്നവരെ തിരുമണ്ടന്മാര്‍ എന്നാണു സാധാരണ ജനം വിലയിരുത്താറുള്ളത്. മോദി തീര്‍ച്ചയായും അസാധാരണക്കാരന്‍ തന്നെയാവണം. അതുകൊണ്ടാവുമല്ലോ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത രണ്ടു മലയാളി മാധ്യമങ്ങളെ തിരഞ്ഞുപിടിച്ചു നിരോധിക്കാന്‍ തന്നെ മോദിയുടെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തയാറായത്. വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ക്കു വഴിവയ്ക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഡല്‍ഹി പൊലിസിനെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ചു തുടങ്ങിയ ചില കുറ്റങ്ങളും ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനലുകള്‍ക്കു നല്‍കിയ കുറ്റപത്രങ്ങള്‍ വായിച്ചുനോക്കിയാല്‍ കാണാന്‍ കഴിയും.
ഇപ്പറഞ്ഞ കുറ്റങ്ങള്‍ ഈ മാധ്യമങ്ങള്‍ ചെയ്‌തോ, അതോ സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയത് മാത്രമാണോ അവരുടെ കുറ്റം തുടങ്ങിയ കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. കാരണം അതൊക്കെ പരിശോധിക്കാനും തീര്‍പ്പു കല്‍പ്പിയ്ക്കാനും രാജ്യത്തു നീതിന്യായ കോടതികള്‍ നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കെതിരേ പരാതി നല്‍കാനും അതു പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാനുമുള്ള സംവിധാനങ്ങളും രാജ്യത്തുണ്ട്. പത്രങ്ങളുടെ കാര്യത്തില്‍ പ്രസ് കൗണ്‍സിലും ദൃശ്യമാധ്യമങ്ങളുടെ കാര്യത്തില്‍ ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് സമിതിയും ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അവയെ മറികടന്ന് ഏകപക്ഷീയമായിട്ടാണ് സര്‍ക്കാരിന്റെ ഐ ആന്‍ഡ് ബി മന്ത്രാലയം രണ്ടു ചാനലുകള്‍ക്കുമെതിരേ ചാടിപ്പുറപ്പെട്ടത്. തങ്ങളുടെ അധികാരവും ചുമതലയും എന്തെന്നുപോലും വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദിനും അനുചരന്മാര്‍ക്കും പിടിയില്ലെന്നു ചുരുക്കം.
രസകരമായ കാര്യം, നാടിന്റെ തെക്കേമൂലയിലെ രണ്ടു ചാനലുകളുടെ റിപ്പോര്‍ട്ടിങ് ഡല്‍ഹിയില്‍ വര്‍ഗീയ അസ്വസ്ഥതയുണ്ടാക്കി എന്ന കണ്ടെത്തലാണ്. നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന കണ്ടെത്തലാണിത്. അതേസമയം, ഡല്‍ഹിയില്‍ ഗോലി മാരോ എന്നു പറഞ്ഞ് നാട്ടുകാരെ പ്രകോപിപ്പിച്ചു പ്രസംഗം നടത്തിയ സംഘ്പരിവാര നേതാക്കളായ നാലു പേര്‍ക്കെതിരേ പരാതി വന്നിട്ടും എന്തുകൊണ്ട് നടപടിയുണ്ടായില്ല എന്നു കോടതി ചോദിച്ചിട്ടും കപില്‍ മിശ്രയും അനുരാഗ് താക്കൂറുമൊക്കെ ഒരു പ്രയാസവും കൂടാതെ നഗരത്തില്‍ ഉലാത്തുകയാണ്. അവര്‍ക്കെതിരേ നടപടിയെടുത്താല്‍ അതു പ്രശ്‌നങ്ങള്‍ വഷളാക്കും എന്നാണു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. അതായത് അക്രമികളെ പിടിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. കാരണം അവര്‍ ശക്തരാണ്. പിന്നെ പിടിക്കാന്‍ കഴിയുന്നത് നാടിന്റെ ഏതോ മൂലയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകാരെയാണ്. ഡല്‍ഹിയിലിരുന്ന് നിരന്തരം വര്‍ഗീയപ്രഭാഷണം നടത്തുന്ന റിപ്പബ്ലിക് ടി.വിയുടെ അര്‍ണാബ് ഗോസ്വാമിക്ക് ഒരു വക്കീല്‍ നോട്ടിസ് പോലും അയക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. തമാശ തന്നെ.
എന്തുകൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇങ്ങനെ യാതൊരു നീതിന്യായ ബോധമോ കാര്യകാരണ ബന്ധമോ യുക്തിചിന്തയോ നിയമപരിഗണനയോ ഒന്നുമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് മാധ്യമങ്ങള്‍ക്കു നേരെ അവര്‍ നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട കാര്യം (രണ്ടു ദിവസം ചാനല്‍ പൂട്ടിയിടാന്‍ ഉത്തരവിട്ട് നേരം വെളുക്കുമ്പോഴേക്കും അതു ജനരോഷത്തില്‍ പിന്‍വലിക്കേണ്ടി വന്നു സര്‍ക്കാരിന്) സത്യത്തില്‍ ചൂണ്ടിക്കാണിക്കുന്നത് മോദി ഭരണത്തിന്റെ ലക്കും ലഗാനുമില്ലാതെ പോക്കിലേക്കാണ്. അധികാര കേന്ദ്രീകരണം അത്യന്തം ഗുരുതരമായ ഒരു പ്രതിസന്ധിയില്‍ ഈ സര്‍ക്കാരിനെ എത്തിച്ചിരിക്കുകയാണ്. എല്ലാം പ്രധാനമന്ത്രിയിലും ആഭ്യന്തര മന്ത്രിയിലുമാണ് കേന്ദ്രീകരിക്കുന്നത്. മറ്റു മന്ത്രിമാര്‍ക്കു വലിയ വിലയൊന്നുമില്ല. അതിനാല്‍ അവര്‍ മേലാവിലുള്ളവരെ പ്രീതിപ്പെടുത്താനും അവരുടെ ശ്രദ്ധയാകര്‍ഷിക്കാനും തങ്ങള്‍ക്കു കഴിയാവുന്ന അഭ്യാസങ്ങളൊക്കെ നടത്തുന്നു. അങ്ങനെ നടത്തിയ ഒരു അഭ്യാസം മാധ്യമങ്ങളുടെ മേലുള്ള മെക്കിട്ടുകേറലിന്റെ രൂപത്തിലാണു പുറത്തുവന്നത്.
ഈ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്ന ചില കാര്യങ്ങള്‍ ഡല്‍ഹി കലാപസമയത്തു തന്നെ കാണാമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ വന്ന ദിവസം തന്നെയാണ് കലാപകാരികള്‍ അക്രമം അഴിച്ചുവിട്ടത്. അത് ആസൂത്രിതമായിരുന്നു എന്ന് അതിന്റെ ഭീകരതയും അതിനായി ഉപയോഗിച്ച ആയുധങ്ങളും സംഘടനാ രീതികളും നോക്കിയാല്‍ അറിയാം. ക്രിമിനല്‍ സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ സര്‍ക്കാരും സംഘ്പരിവാരവും തന്നെയാണ് സൗകര്യം ഒരുക്കിക്കൊടുത്തത്. അവര്‍ ഫ്രാങ്കന്‍സ്റ്റീനെപ്പോലെ മോദിയുടെ വിശേഷാല്‍ അതിഥി വന്ന നാളില്‍ തന്നെ തലസ്ഥാനത്ത് അഴിഞ്ഞാടി. കപില്‍ മിശ്രയ്ക്കും അനുരാഗ് താക്കൂറിനും എന്ത് ട്രംപ്, ഏതു ട്രംപ് വെക്കെടാ വെടി, ഗോലി ചലോ എന്നു സംഘികള്‍. ബി.ബി.സിയും സി.എന്‍.എന്നും അടക്കമുള്ള മാധ്യമങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്ക് തിരിഞ്ഞ ദിവസം തന്നെ കലാപം അഴിച്ചുവിട്ട സംഘി ആശാന്മാരെ നമിക്കണം! ഇങ്ങനെയുള്ള അനുയായികളുള്ള മോദിക്ക് എന്തിനു വേറെ ശത്രുക്കള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."