ഫുട്‌ബോള്‍ അസോസിയേഷന്റെ അധികാര വടംവലി; നഷ്ടപ്പെടുന്നത് കളിക്കാരുടെ ഭാവി
തൃക്കരിപ്പൂര്‍: നിരവധി ദേശീയ സംസ്ഥാന ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്ത കാസര്‍കോട് ജില്ലയെ തഴഞ്ഞ് സന്തോഷ് ട്രോഫി ടീം. ഫെബ്രുവരി മൂന്നുമുതല്‍ എട്ടുവരെ തമിഴ്‌നാട്ടിലെ നെയ് വേലിയില്‍ നടക്കുന്ന 73-ാമത് സന്തോഷ് ട്രോഫി കേരളാ ടീമില്‍ ജില്ലയില്‍ നിന്ന് ഒരു കളിക്കാരന് പോലും ഇടം നല്‍കാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്. പത്തുവര്‍ഷത്തിനിടെ സന്തോഷ് ട്രോഫി ടീമില്‍ ജില്ലയില്‍ നിന്ന് ഒരാളെങ്കിലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. 2012ല്‍ ജില്ലയില്‍നിന്നു നാലുപേരാണ് സന്തോഷ്് ട്രോഫി ടീമില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം പിലിക്കോട് സ്വദേശി കെ.പി രാഹുല്‍ ടീമില്‍ ഇടം നേടുകയും ആദ്യ ഇലവനില്‍ തന്നെ മികച്ച ഫോമില്‍ കളിച്ച് ചാംപ്യന്‍ഷിപ്പില്‍ രണ്ടു ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിക്കുകയും ചെയ്തിരുന്നു.
പ്രസ്തുത ടീമിലെ പലരും ഇത്തവണയും ഇടം നേടിയെങ്കിലും രാഹുലിനെ വിളിച്ചില്ല എന്നാണ് അറിഞ്ഞത്. ഫുട്‌ബോളിന്റെ ഈറ്റില്ലമായ തൃക്കരിപ്പൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ താരങ്ങള്‍ സന്തോഷ് ട്രോഫി ടീമില്‍ കളിച്ചത്. നീലേശ്വരത്ത് നിന്നു സന്തോഷ് ട്രോഫിയില്‍ നിരവധി പേര്‍ ടീമിലെത്തിയിട്ടുണ്ട്. 2013ല്‍ നടന്ന സന്തോഷ് ട്രോഫിയില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ സജിത്തിനെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി ടീമിന്റെ സെലക്ടര്‍ ജില്ലക്കാരനായിട്ടു കൂടി കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫിയില്‍ മികച്ച ഫോമില്‍ കളിച്ച രാഹുലിനെ ക്യാംപില്‍ ഉള്‍പെടുത്താത്തതില്‍ കായിക പ്രേമികള്‍ക്ക് അമര്‍ഷമുണ്ട്.
ഒരു ഗോള്‍ കീപ്പര്‍, ഒരു പ്രതിരോധ നിരക്കാരന്‍, ഒരു മുന്നേറ്റ നിരക്കാരനുമടക്കം മൂന്നുപേര്‍ ജില്ലയില്‍ നിന്ന് ക്യാംപിന്റെ ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും ഒഴിവാക്കുകയായിരുന്നു. ഇത്തവണത്തെ ജില്ലാ സീനിയര്‍ ടീമില്‍ ഉണ്ടായ ജില്ലയിലെ മികച്ച ഫോമിലുളള ഒരു സീനിയര്‍ കളിക്കാരനെ ക്യാംപിലേക്ക് പരിഗണിച്ചിട്ടുപോലുമില്ല. ജില്ലക്ക് ലഭിച്ച സീനിയര്‍ സെലക്ടര്‍ പദവി കൈകാര്യം ചെയ്യാന്‍ അറിയാത്തതിന്റെ കുറവായി ഇതിനെ കാണേണ്ടിവരുമെന്നാണ് ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ വിലയിരുത്തല്‍.
ജില്ലയില്‍ തന്നെ പല പ്രമുഖ കളിക്കാരെ തഴഞ്ഞ് സെലക്ടര്‍ പദവിയിലേക്ക് തിരഞ്ഞെടുത്ത തീരുമാനം ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."