കൃഷ്‌ണേന്ദു ഇനി പഴയ കൃഷ്‌ണേന്ദുവല്ല; ആലപ്പുഴയിലെ വനിതകളും
ആലപ്പുഴ: കൃഷ്‌ണേന്ദുവിന് ഇപ്പോള്‍ ആത്മവിശ്വാസം കിട്ടി. പൊതുനിരത്തില്‍ നടക്കുമ്പോള്‍ ബാഗ് തൂക്കേണ്ട വിധവും ബസില്‍ പുറകില്‍ നിന്ന് ഒരാള്‍ ഉപദ്രവിച്ചാല്‍ എങ്ങനെ നേരിടണമെന്നും നല്ല ആത്മവിശ്വാസം.
നീളം കൂടിയ ബാഗ് തൂക്കുമ്പോഴും നീളം കുറഞ്ഞ വാനിറ്റി ബാഗ് തൂക്കുമ്പോഴും മോഷ്ടാക്കളില്‍ നിന്ന് രക്ഷനേടാന്‍ പാലിക്കേണ്ട സുരക്ഷാ ടിപ്പുകള്‍. കേരള പൊലിസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ടൗണ്‍ ഹാളില്‍ ആരംഭിച്ച സ്ത്രീ സുരക്ഷ, സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിലും തല്‍സമയ പ്രതിരോധ പ്രദര്‍ശനത്തിലും പങ്കെടുത്ത നൂറുകണക്കിന് സ്ത്രീകളാണ് കൃഷ്‌ണേന്ദുവിനെപ്പോലെ ആത്മവിശ്വാസവും ധൈര്യവും പ്രതികരണശേഷിയും നേടി ആഹ്ലദത്തോടെ മടങ്ങിയത്.
തിരുവനന്തപുരം പൊലിസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് രാജശേഖരനും കേരള പൊലിസിലെ നിര്‍ഭയപദ്ധതിയംഗങ്ങളായ വനിതാ പൊലിസ് സംഘവും ചേര്‍ന്നാണ് നിയമസുരക്ഷാ നിയമങ്ങള്‍ക്കപ്പുറമുള്ള ചില സ്വയംരക്ഷാ മാര്‍ഗങ്ങള്‍ കൂടി വനിതകളായ നൂറുകണക്കിന് പേര്‍ക്ക് പകര്‍ന്നു നല്‍കിയത്.
വനിതാ സ്വയംപ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ നിര്‍വഹിച്ചു. സ്‌നേഹവും കരുണയും നിറഞ്ഞ സ്ത്രീ മനസ്സ് പ്രകാശം പരത്തുന്നതാണെന്നും ഇപ്പോള്‍ ഗുണ്ടാമയക്കുമരുന്നു മാഫിയകള്‍ സ്ത്രീകള്‍ക്കുചുറ്റും നിന്ന് ആക്രമണത്തിന് മുതിരുന്നത് ചെറുക്കപ്പെടേണ്ടതാണെന്നും ദലീമ ജോജോ പറഞ്ഞു.
ജില്ലാ പൊലിസ് മേധാവി വി.എം മുഹമ്മദ് റഫീഖ് അധ്യക്ഷ്യത വഹിച്ച ചടങ്ങില്‍ ജില്ലാ സാമൂഹിക നീതി ഓഫിസര്‍ അനിറ്റ എസ്. ലിന്‍, സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജാനറ്റ് അഗസ്റ്റിന്‍, ഡിവൈ.എസ്.പി. വി. വിജയകുമാരന്‍ നായര്‍, വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. ജീജ, വനിതാ സെല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി മീനാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്ത് ഈ വര്‍ഷം രണ്ടരലക്ഷത്തോളം സ്ത്രീകള്‍ക്ക് പദ്ധതിയുടെ ഭാഗമായി സ്വയംരക്ഷാ പരിശീലനം നല്‍കും. ജില്ലയില്‍ 25,000 വനിതകളെയാണ് പരിശീലിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. 20 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ ഏഴു മുതല്‍ 60 വയസു വരെ പ്രായമുള്ള സ്ത്രീകള്‍ക്കു പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."