ചെറുമത്സ്യങ്ങളുടെ ക്ഷാമം; ചെറുകിട വില്‍പന പ്രതിസന്ധിയില്‍
കണ്ണൂര്‍: ചെറുമത്സ്യങ്ങളുടെ ക്ഷാമം ജില്ലയിലെ ചെറുകിട മത്സ്യ വില്‍പനക്കാരെ ദുരിതത്തിലാക്കുന്നു. സുലഭമായി ലഭിച്ചിരുന്ന മത്തി, മാന്തള്‍ തുടങ്ങിയ ചെറുമത്സ്യങ്ങള്‍ ഇപ്പോള്‍ ഇതരജില്ലകളില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ബോട്ടുകളുമായി പുറംകടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികള്‍ രണ്ടാഴ്ചയിലധികമായി മീന്‍ ഇല്ലാതെയാണ് മടങ്ങി വരുന്നതെന്നാണ് ആയിക്കരയിലെ മത്സ്യതൊഴിലാളികള്‍ പറയുന്നത്. കൊണ്ടുവരുന്ന മത്സ്യങ്ങള്‍ക്കു ലേലത്തില്‍ ലഭിക്കുന്ന തുക ബോട്ടിന് ചെലവാക്കുന്ന എണ്ണയുടെ പകുതി വില പോലുമാകുന്നില്ലെന്ന പരാതിയുമുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ കാരണമാണ് ഇത്തവണ തീരം വളരെയധികം വറുതിയിലേക്ക് എത്തിയതെന്നാണ് മത്സ്യബന്ധനത്തിന് പോകുന്നവര്‍ പറയുന്നത്. ചെറു മത്സ്യങ്ങളുടെ ക്ഷാമം കാരണം ചെറുകിട മത്സ്യകാരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. നിലവില്‍ വന്‍ വിലയ്ക്ക് ലേലമെടുത്ത മത്സ്യം വീടുകളിലെത്തി വില്‍പന നടത്താന്‍ കഴിയാത്തതിനാല്‍ ഭൂരിഭാഗമാളുകളും വില്‍പന നിര്‍ത്തിയ സ്ഥിതിയാണ്.
മാര്‍ക്കറ്റില്‍നിന്ന് വില്‍ക്കുന്നതിനേക്കാള്‍ വില കുറച്ചു നല്‍കാന്‍ കഴിയാത്തതിനാല്‍ ചെറു വാഹനങ്ങളില്‍ വീടുകളിലെത്തി വില്‍പന നടത്തുന്നവരില്‍ പലര്‍ക്കും വന്‍ നഷ്ടമാണുണ്ടാകുന്നത്. ചെറിയ മത്തിക്ക് 140 രൂപയും വലുതിന് 180മാണ് ഇപ്പോള്‍ വില. കഴിഞ്ഞമാസം വരെ കിലോയ്ക്ക് 50 മുതല്‍ 80വരെ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇരട്ടി വിലയായത്. ആലപ്പുഴ തീരത്തു നിന്നാണ് ചെറു മത്സ്യങ്ങള്‍ ഇപ്പോള്‍ കണ്ണൂര്‍ തീരത്ത് എത്തുന്നത്. സുലഭമായി ലഭിച്ചിരുന്ന മാന്തള്‍, നത്തോലി, കത്ത്‌ല തുടങ്ങിയ ചെറുമീനുകള്‍ക്കും ഇതേ സ്ഥിതിയാണ്. മാസങ്ങള്‍ക്കു മുന്‍പ് ചെറിയ വിലക്ക് ധാരാളം ലഭിച്ച മീനുകളാണിവ. മാന്തളിന് കിലോയ്ക്ക് 140ഉം കത്ത്‌ലയ്ക്ക് 160, ചെറിയ അയലയ്ക്ക് 180 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വില്‍പന നടന്നത്. രണ്ടാഴ്ച മുന്‍പ് 80 രൂപയായിരുന്ന അടവിന് ഇപ്പോള്‍ കിലോയ്ക്ക് 200 രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."