പാരിസ്ഥിതികാനുമതിയായില്ല: ജില്ലയില്‍ മണല്‍വാരല്‍ നിരോധനം നീളുന്നു
മയ്യില്‍: പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനാല്‍ ജില്ലയിലെ പുഴകളില്‍ നിന്നുള്ള മണല്‍ വാരല്‍ നിരോധനം നീളുന്നു.
ജില്ലയിലെ മുഴുവന്‍ അംഗീകൃത കടവുകളും ഒമ്പതു മാസമായി അടഞ്ഞു കിടക്കുകയാണ്. നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭനത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. അയല്‍ ജില്ലയില്‍ നിന്നുള്‍പ്പെടെ കണ്ണൂരിലെത്തി മണല്‍ വാരല്‍ ഉപജീവനമാക്കിയവരുടെ ജീവിതം ദുരിതപൂര്‍ണമായി.
2016 ജൂണ്‍ 16നാണ് ജില്ലയിലെ മണല്‍ ഖനനം പൂര്‍ണമായും നിരോധിച്ചത്. നേരത്തെ ജില്ലയിലെ മുഴുവന്‍ കടവുകളില്‍ മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതികാനുമതി സംസ്ഥാന പരിസ്ഥിതി സമിതിയില്‍ നിന്നു നേടിയെടുത്തിരുന്നത് ജില്ലാ ഭരണകൂടമായിരുന്നു. എന്നാല്‍ ഓരോ പഞ്ചായത്തിലെ കടവുകള്‍ക്കും വെവ്വേറെ അനുമതി നല്‍കുമെന്നാണ് പുതിയ നിര്‍ദേശം.
ഇതിനു വേണ്ടി പഞ്ചായത്ത് തലത്തില്‍ നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിന്റെയും സാന്‍ഡ് ഓഡിറ്റിന്റെയും റിപ്പോര്‍ട്ട് സഹിതം പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നല്‍കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു പഞ്ചായത്തിലെ ആറു കടവുകളില്‍ നിന്നു മണല്‍ വാരുന്നതിനുളള അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.
മൂന്നു മാസം മുന്‍പ് കലക്ടര്‍ അധ്യക്ഷനായ ജില്ലാതല പാരിസ്ഥിതിക ആഘാത പരിശോധനാ സമിതി മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിച്ചത്. ജില്ലാതല വിദഗ്ധ അപ്രൈസല്‍ സമിതി യോഗം ചേര്‍ന്ന് മേല്‍പ്പറഞ്ഞ കടവുകളില്‍ നിന്ന് മണല്‍ വാരാനുള്ള അനുമതി നല്കാന് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തൊഴിലാളികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
പുഴയിലെ മണല്‍വാരല്‍ നിരോധിച്ചെങ്കിലും അഴീക്കല്‍ തുറമുഖത്തു നിന്നുള്ള മണല്‍ വാരല്‍ ഇപ്പോഴും തുടരുന്നുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സൊസൈറ്റികള്‍ക്കാണ് ഇവിടെ നിന്നു മണല്‍ വാരാനുള്ള അനുമതിയുള്ളത്.
പുഴയില്‍ നിന്നുള്ള മണല്‍ വാരല്‍ പുനരാരാംഭിച്ചാല് അഴീക്കല്‍ പോര്‍ട്ടിലെ മണലിനു ആവശ്യക്കാര്‍ കുറയും. ഇക്കാരണത്താല്‍ ഇവിടെയുള്ള സൊസൈറ്റികളുടെ ഇടപെടലുകളെ തുടര്‍ന്നാണ് പുഴയില്‍ നിന്നു മണല്‍ വരാനുള്ള അനുമതി ലഭിക്കാത്തതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."