പൊന്നാനിപ്പെരുമയില് മുത്താഴ വെടി
പൊന്നാനി: റമദാന്റെ രാവുകളില്‍ പൊന്നാനിയുടെ ശീലം മുത്താഴവെടിക്കൊപ്പമാണ്. പൊന്നാനിക്കു മാത്രമുള്ള അധികകുപ്പായമാണ് ഇങ്ങനെയൊരു ആചാരം. വെളുക്കുവോളം ഉറങ്ങാത്ത പൊന്നാനിയിലെ റമദാന് രാത്രികളില്‍ കാതുകൂര്‍പ്പിച്ചാല്‍ ഇന്നും കേള്‍ക്കാം അങ്ങിങ്ങായി മുത്താഴ വെടിയൊച്ചകള്‍. റമദാനില്‍ കുട്ടികളും ചെറുപ്പക്കാരും ചേര്‍ന്നാണു മുത്താഴ വെടി പൊട്ടിക്കുക. ഒരു മീറ്റര്‍ നീളത്തില്‍ തടി കൂടിയ മുളയാണു മുത്താഴ വെടിയുടെ പ്രധാനഭാഗം. മുളയുടെ അകത്തുള്ള കമ്പുകള്‍ ഒരു ഭാഗം മുഴുവന്‍ തുളയ്ക്കും. വാല്‍ഭാഗത്തുള്ള കമ്പു തുളയ്ക്കില്ല. വാല്‍ഭാഗത്തുള്ള മുളയുടെ മുകളില്‍ ചെറിയൊരു ദ്വാരമിടും. അഗ്രഭാഗത്തു വെടിയുടെ കാഠിന്യത്താല്‍ മുളപൊട്ടിപ്പോകാതിരിക്കാന് കയറു കൊണ്ടു വരിഞ്ഞു കെട്ടും. പിന്നെ അല്‍പ്പം ചെരിച്ചുവെക്കും. അതിനുശേഷം ദ്വാരത്തിലൂടെ മണ്ണെണ്ണ ഒഴിക്കും. മണ്ണെണ്ണ നിറച്ച മുളയുടെ അറ്റത്തു തീ കൊളുത്തി ചൂടാക്കും. അഞ്ചു മിനിറ്റിനു ശേഷം ദ്വാരത്തിലേക്ക് ഊതി വായു നിറക്കും. തുടര്‍ന്ന് തീ കൊളുത്തുമ്പോള്‍ തീപ്പൊരിയോടു കൂടി വെടിമുഴങ്ങും. പീരങ്കിയുടെ അറ്റത്ത് കല്ലോ ചിരട്ടയോ വെച്ചാല്‍ വേഗത്തില്‍ വെടിയോടൊപ്പം ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്യും.
ചുരുക്കം ചില വിടുകളില്‍ നിന്നു മുത്താഴ സമയത്ത് ഇന്നും ഈ വെടിയൊച്ച കേള്‍ക്കാം. പാതിരാ മയങ്ങിയാലും അങ്ങിങ്ങായി കേള്‍ക്കുന്ന മുത്താഴ വെടിയൊച്ചകള്‍ പോയകാലത്തിന്റെ ഓര്‍മകളെ തിരികെ കൊണ്ടു വരുന്നതായി തോന്നും. രാവെളുപ്പോളം മുത്താഴവെടിയൊച്ചകള് കേട്ട ഒരു തലമുറയുടെ അവസാനത്തെ കണ്ണികള്‍ ഇന്നും പൊന്നാനിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."