കുട്ടിക്കര്‍ഷകര്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ഒരുക്കിയ പച്ചക്കറികൃഷി ശ്രദ്ധേയം
തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കിലെ അക്കിപ്പറമ്പ് യു.പി സ്‌കൂളിലെ കുട്ടിക്കര്‍ഷകര്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ഒരുക്കിയ പച്ചക്കറി കൃഷി ശ്രദ്ധനേടുന്നു. സ്‌കൂളിലെ ഉച്ചക്കഞ്ഞിക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ച് മാതൃകയാകുകയാണ് തളിപ്പറമ്പ് ചിറവക്കിലെ അക്കിപ്പറമ്പ് യു.പി സ്‌കൂളിലെ കുട്ടിക്കര്‍ഷകര്‍.
പച്ചക്കറികള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുക എന്ന അധ്യാപക രക്ഷാകര്‍തൃ സംഘടനയുടെ ആശയം സ്ഥലപരിമിതി മൂലം ഉപേക്ഷിക്കുമെന്ന ഘട്ടത്തിലാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കൃഷിചെയ്യാമെന്ന നിര്‍ദേശം പ്രധാനധ്യാപകന്‍ എം.ആര്‍ മണി ബാബു മുന്നോട്ടുവച്ചത്. കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളിലെ കടുത്ത ചൂടില്‍ എങ്ങനെ പച്ചക്കറി കൃഷി ചെയ്യുമെന്ന ആശങ്കകളെ അവഗണിച്ചുകൊണ്ട് സ്‌കൂളിലെ ഹരിതക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, നാച്വറല്‍ ക്ലബ്ബ് എന്നിവയിലെ കുട്ടികളേയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധ്യാപകരുടേയും സഹകരണത്തോടെ കൃഷിവകുപ്പില്‍ നിന്നും ലഭിച്ച 200 ഗ്രോ ബാഗുകളില്‍ കൃഷി ആരംഭിച്ചത്.
വെണ്ട, പച്ചമുളക്, പയര്‍, തക്കാളി, വഴുതിന, വെളളരി എന്നിവയാണ് പ്രധാന കൃഷികള്‍. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കാബേജും മികച്ച വിളവ് നല്‍കി. വൈകുന്നേരങ്ങളിലും ഒഴിവുസമയങ്ങളിലും അധ്യാപകരുടെയം വിദ്യാര്‍ഥികളുടെയം കഠിന പരിശ്രമ ഫലമായി രണ്ടുമാസം കൊണ്ടുതന്നെ വിളവെടുപ്പ് ആരംഭിക്കാനായി. കൃഷിരീതികള്‍ കുട്ടികളെ പരിജയപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. പച്ചക്കറി ചെടികളെ പരിചരിക്കാനും വിളവെടുക്കാനുമൊക്കെ കുട്ടികള്‍ കാണിക്കുന്ന താല്‍പര്യം കാരണം കഴിഞ്ഞ രണ്ടു വര്‍ഷവും കൃഷി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനധ്യാപകന്‍ എം.ആര്‍ മണിബാബു പറയുന്നു. എല്ലാ ദിവസവും സ്‌കൂള്‍ ആവശ്യത്തിനുള്ള പച്ചക്കറികളില്‍ ഭൂരിഭാഗവും ഇവിടെ നിന്നും ലഭിക്കുന്നതിനാല്‍ ഗുണമേന്‍മയുള്ള ഭക്ഷണവും കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.
ഇപ്പോള്‍ ചൂട് ആരംഭിച്ചുവെങ്കിലും ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കിയതോടെ ജലസേചനം പ്രയാസമല്ലാതായി. ഇതോടെ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കൃഷി എന്ന രീതിയില്‍ വിളവെടുത്ത് തീരുന്ന ചെടികള്‍ക്കനുസരിച്ച് പുതിയ ചെടികള്‍ നട്ട് പരിപാലിക്കുന്നതിനുളള തയ്യാറെടുപ്പിലാണ് കുട്ടിക്കര്‍ഷകര്‍. അധ്യാപകരായ ഹരിത ക്ലബ്ബ് കണ്‍വീനര്‍ ഇ.പി സജിത്കുമാര്‍, സയന്‍സ്‌ക്ലബ്ബ് കണ്‍വീനര്‍ കെ. ജയപ്രകാശ്, എസ്.ആര്‍.ജി കണ്‍വീനര്‍ നിഷ എം. നായര്‍, പി.ടി.എ പ്രസിഡന്റ് ടി.കെ അഷറഫ് എന്നിവരും എല്ലാ സഹായവുമായി കുട്ടികള്‍ക്കൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."