അമ്മയുടെ മൃതദേഹം ഓടയില്‍ തള്ളി; മകന്‍ അറസ്റ്റില്‍
പാലാ: അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ ഓടയില്‍ തള്ളിയ മകന്‍ അറസ്റ്റില്‍. മാവേലിക്കര ചെട്ടിക്കുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി(76)യുടെ മൃതദേഹം ഓടയില്‍ ഉപേക്ഷിച്ച ഇളയ മകന്‍ അലക്‌സ് ബേബിയെ (46) ആണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാലാ-തൊടുപുഴ സംസ്ഥാന പാതയില്‍ കാര്‍മല്‍ ആശുപത്രി റോഡിന് എതിര്‍വശത്തെ കലുങ്കിന് സമീപമായി മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ അലക്‌സിനെ അറസ്റ്റു ചെയ്തത്.
അമ്മുക്കുട്ടിയും മകന്‍ അലക്‌സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. പിതാവ് ബേബി 10 വര്‍ഷം മുന്‍പ് മരിച്ചതിനുശേഷം സ്വന്തം നാടായ മാവേലിക്കരയിലെ വസ്തുക്കള്‍ വിറ്റ അലക്‌സ് അമ്മയെയും കൂട്ടി മറ്റിടങ്ങളിലാണ് താമസിച്ചിരുന്നത്. രണ്ടര വര്‍ഷമായി ചിങ്ങവനത്ത് സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. കഴിഞ്ഞ ബുധനാഴ്ച രാവിലെ അമ്മുക്കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. എന്നാല്‍ അലക്‌സ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല. ഉച്ചയോടെ അമ്മുക്കുട്ടി മരിച്ചു. രാത്രി ഒന്‍പതോടെ മൃതദേഹം ലോഡ്ജു മുറിയില്‍ നിന്നെടുത്ത് അലക്‌സ് സ്വന്തം കാറില്‍ കയറ്റുകയായിരുന്നു. ലോഡ്ജ് ജീവനക്കാരോട് അമ്മയ്ക്ക് അസുഖമാണന്നും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണന്നും പറഞ്ഞു. മൃതദേഹം കാറിലിരുത്തി പാലാ-തൊടുപുഴ റോഡില്‍ കലുങ്കിനോട് ചേര്‍ന്നുള്ള ചെടികള്‍ നിറഞ്ഞ ഓടയില്‍ തള്ളുകയായിരുന്നു.
ചങ്ങനാശേരി-അയര്‍ക്കുന്നം വഴിയാണ് അലക്‌സ് പാലായിലെത്തിയത്. മൃതദേഹം ഉപേക്ഷിച്ചശേഷം കാര്‍ കെ.എസ്.അര്‍.ടി.സി. പാര്‍ക്കിങ് മൈതാനിയില്‍ പാര്‍ക്ക് ചെയ്തു. തുടര്‍ന്ന് പാലായില്‍ ലോഡ്ജില്‍ മുറിയെടുത്തശേഷം വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് സംശയം തോന്നിയ കാറിനെ ചുറ്റിപ്പറ്റി പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ കാര്‍ പാലായിലുണ്ടെന്ന് വിവരം ലഭിച്ചു. പൊലിസ് സംഘം പാര്‍ക്കിങ് മൈതാനിയിലെ ജീവനക്കാരുടെ വേഷത്തില്‍ കാത്തു നിന്നു. ഞായറാഴ്ച കാര്‍ എടുക്കാനായി അലക്‌സ് എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നാണ് പിടിയിലായ അലക്‌സ് പൊലിസിനോട് പറഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച് പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
അലക്‌സിന്റെ സഹോദരന്‍ ഗള്‍ഫിലാണ്. അദ്ദേഹം എത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും. രോഗിയായ ആള്‍ക്ക് തക്ക സമയത്ത് വൈദ്യ സഹായം നല്‍കാതെ മരണത്തിലേയ്ക്ക് തള്ളിവിട്ടതിന് ഐ.പി.സി. 304ാം വകുപ്പ് പ്രകാരമാണ് അലക്‌സിനെതിരേ കേസെടുത്തത്. കോട്ടയം എസ്.പിയുടെ നിര്‍ദേശ പ്രകാരം പാലാ ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫ്, സി.ഐ. വി.എ. സുരേഷ്, പൊലിസ് ഉദ്യോഗസ്ഥരായ തോമസ് സേവ്യര്‍, പി.കെ മാണി, പി.എ അബ്ബാസ്, പി.വി ഷാജി മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."