പാമ്പറപ്പാന്‍ പാലം തകര്‍ച്ചയുടെ ഭീഷണിയില്‍
കൊട്ടിയൂര്‍: പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന പാമ്പറപ്പാന്‍ പാലം തകര്‍ച്ചയുടെ ഭീഷണിയില്‍. 25 വര്‍ഷം മുന്‍പ് നാട്ടുകാര്‍ പിരിവെടുത്ത് നിര്‍മിച്ച പാലമാണ് തകര്‍ച്ചയെ നേരിടുന്നത്. കൊട്ടിയൂരിനെ പന്ന്യാമലയുമായി ബന്ധിപ്പിക്കുന്നതിനായി 25 വര്‍ഷം മുന്‍പാണ് നാട്ടുകാര്‍ ബാവലി പുഴയ്ക്ക് കുറുകെ പാലം നിര്‍മിച്ചത്. പ്രളയത്തില്‍ ബാവലി പുഴയിലൂടെ ഒഴുകിവന്ന വന്‍ മരങ്ങള്‍ പാലത്തില്‍ തടഞ്ഞു നിന്നതാണ് പാലം ഭാഗികമായി തകരാന്‍ കാരണമായത്.
കനത്ത കുത്തൊഴുക്കില്‍ പാലത്തിന്റെ ഇരുഭാഗങ്ങളിലുള്ള അപ്പ്രോച്ച് റോഡുകളും തകര്‍ന്നിരുന്നു. പ്രളയസമയത്ത് താല്‍ക്കാലികമായി നടത്തിയ അറ്റകുറ്റപ്പണികളല്ലാതെ പാലത്തിലുണ്ടായ ബലക്ഷയം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ യാതൊരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല.
പ്രളയസമയത്ത് വന്നടിഞ്ഞ വന്‍മരങ്ങളെല്ലാം ഇപ്പോഴും പാലത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. പന്ന്യാമല മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ യാത്ര മാര്‍ഗമായ ഈ പാലം സംരക്ഷിക്കുന്നതിനായി പല തവണ ബന്ധപ്പെട്ട അധികാരികളെ കണ്ടിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കടക്കം ഭീഷണിയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."